കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ സമഗ്ര വികാസവും പുനരധിവാസവും ലക്ഷ്യമിട്ട് കാസര്‍ഗോഡ് കാഞ്ഞങ്ങാട് മടിക്കൈയില്‍ ഒരുങ്ങുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) പദ്ധതിയുടെ പ്രചാരണാര്‍ത്ഥം പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിച്ച എം.ക്യൂബ് (മ്യൂസിക്, മാജിക്, മിഷന്) പരിപാടി കണ്ണൂരില്‍ വന്‍ വിജയമായി.
കണ്ണൂര്‍ താണയിലെ ധനലക്ഷ്മി കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരന് ടി. പത്മനാഭനും മന്ത്രി അഡ്വ. സണ്ണി ജോസഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കഴിവുകളും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് അന്തസ്സോടെയും സ്വയംപര്യാപ്തതയോടെയും ജീവിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത്തരം പദ്ധതികള്‍ക്ക് സമൂഹത്തിന്റെ ശക്തമായ പിന്തുണ ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മാജിക്കും സംഗീതവും മോട്ടിവേഷനും സമന്വയിപ്പിച്ച എം.ക്യൂബ് പരിപാടി കാണികള്‍ക്ക് നവ്യാനുഭവമായി. ഗോപിനാഥ് മുതുകാടിനൊപ്പം പിന്നണിഗായകരായ ആര്. രവിശങ്കര്‍, സിന്ധു പ്രേംകുമാര്‍, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും ഡിഫറന്റ് ആര്‍ട്സ് സെന്ററിലെ പരിശീലന വിദ്യാര്‍ഥികളായ ക്രിസ്റ്റീന്‍ റോസ് ടോജോ, വിഷ്ണു ആര്. എന്നിവരും അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ അസാധാരണമായ കഴിവുകളും ആത്മവിശ്വാസവും പ്രകടമാക്കിയ അവതരണങ്ങള്‍ സദസ്സിന്റെ ഹൃദയം കവര്‍ന്നു.
പരിപാടിക്ക് ചേംബര്‍ നേതൃത്വം നല്കി. ടി ഒ മോഹനന് എം എല്‍ എ, ടി.കെ. ഗോവിന്ദന് എം.എല്‍.എ, കെ വി ആര് ഗ്രൂപ്പ് ചെയര്മാന് കുഞ്ഞിരാമന് നായര്‍, ടി.കെ. രമേഷ് കുമാര്‍, ഹനീഷ് കെ. വാണിയങ്കണ്ടി, സി. അനില്‍കുമാര്‍, നാരായണന്‍കുട്ടി തുടങ്ങി സാമൂഹിക, സാംസ്കാരിക, വ്യവസായ, പൊതുപ്രവര്‍ത്തന രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്സ് സെന്ററിന്റെ മാതൃകയില്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങളോടെ കാസര്‍ഗോഡ് മടിക്കൈയില്‍ 30 ഏക്കര്‍ സ്ഥലത്താണ് ഐ.ഐ.പി.ഡി പദ്ധതി യാഥാര്‍ഥ്യമാകുന്നത്. 120 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാ-കായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, വ്യക്തിഗത സഹായ ഉപകരണങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ കേരളത്തിലെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സമഗ്രമായ പിന്തുണയും പുനരധിവാസവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
ഈ ലക്ഷ്യം നിര്‍വഹിക്കേണ്ടത് നന്മ ആഗ്രഹിക്കുന്ന പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ, കെ വി ആര് ഗ്രൂപ്പ് ചെയര്‍മാനും നോര്‍ത്ത് മലബാര്‍ ചെമ്പര്‍ ഓഫ് കോമേഴ്സ് കോര്‍പ്പറേറ്റ് മെമ്പറും യുഎഇ ചാപ്റ്റര്‍ രക്ഷാധികാരിയുമായ കുഞ്ഞിരാമന് പാറയില്‍ 50 ലക്ഷം രൂപയുടെ ചെക്ക് ഐ ഐ പി ഡി നിര്‍മ്മാണത്തിലേക്ക് സംഭാവനയായി ഗോപിനാഥ് മുതുകാടിനെ ഏല്‍പ്പിച്ചു.
പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്പോണ്‍സര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍, കലാസ്വാദകര്‍ തുടങ്ങി എല്ലാവര്ക്കും സംഘാടകസമിതി നന്ദി അറിയിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ഈ മഹത്തായ സംരംഭത്തിന് കണ്ണൂരിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടമാക്കുന്നതില്‍ പരിപാടി നിര്‍ണായകമായി.
