ഇനിയും നിര്‍ത്തിക്കൂടേ ഈ കൊലവിളി പ്രസംഗങ്ങള്‍

പി.ടി.നിസാര്‍

         കേരളം, മാറിയതും മാറിക്കൊണ്ടിരിക്കുന്നതും അറിയാത്തവരാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്ന് തോന്നുന്നതാണ് നേതാക്കന്മാരുടെ കൊലവിളി പ്രസംഗങ്ങള്‍. പരിഷ്‌കൃത സമൂഹത്തിന് അവമതിപ്പുണ്ടാക്കുന്നതാണ് ഇത്തരം സംഭാഷണ ശൈലി. വാക്ക് സത്വമാവുമ്പോള്‍ അതുപയോഗിക്കുന്നവര്‍ ആലോചിച്ചുരുവിടണമെന്നാണ് ആപ്തവാക്യം. വിദ്യാഭ്യാസപരമായി നമ്മള്‍ ഏറെ മുന്നിലാണ്. ലോകത്തിന്റെ  സമസ്ത മണ്ഡലങ്ങളിലും പ്രതിഭ ചാര്‍ത്തിയ യുവജന സമൂഹം നമുക്കുണ്ട്. ആ സമൂഹം വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാങ്കേതിക, ധൈഷണിക തലമൊന്നും മനസ്സിലാക്കാതെയാണ് നമ്മുടെ നേതാക്കളുടെ നടപ്പ്. രാഷ്ട്രീയമെന്നാല്‍ പരസ്പരം പോര്‍വിളിക്കാനും കൊലക്കത്തി കൈയ്യിലെടുത്ത് ആക്രമിക്കാനുമുള്ള ലൈസന്‍സാണെന്ന നികൃഷ്ടമായ ചിന്താഗതിയാണ് ചിലര്‍ മനസ്സില്‍ സൂക്ഷിക്കുന്നത്. ചോരയും വാളുമപയോഗിച്ച് ജീവിച്ച ഒരു സമൂഹവും നിലനിന്നിട്ടില്ലെന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം. അക്രമണവും, കയ്യേറ്റവും കൈമുതലാക്കിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ ജനത കൊടുത്ത തിരിച്ചടി തന്നെ വര്‍ത്തമാനകാല ചരിത്രമാണ്. രാഷ്ട്രീയം എന്നത് യുവജന സമൂഹം വെറുക്കുന്ന ഒന്നാക്കി മാറ്റരുത് എന്നാണ് കൊലവിളിയും, അക്രമവും പ്രോത്സാഹിപ്പിക്കുന്ന നേതാക്കളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ലോകത്ത് ഏറ്റവും സുന്ദരമായ നാടാണ് കേരളം. അതിന്റെ ഏറ്റവും വലിയ സവിശേഷത അനുഗ്രഹീതമായ കാലാവസ്ഥയും പ്രകൃതി വിഭവങ്ങളുമാണ്. ഇതെല്ലാം ഗുണപരമായി നാടിനുപയോഗിക്കാമെന്ന ഗവേഷണവും, ചിന്തയുമാണ് നാടിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ നടക്കേണ്ടത്.
ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ജനക്ഷേമകരമായ മുദ്രാവാക്യങ്ങളുമായി മുന്നോട്ട് വരട്ടെ. നാടിനെ പുതുക്കി പണിയേണ്ടവരാണ് പൊതു പ്രവര്‍ത്തകര്‍. അവര്‍ മഹത് വ്യക്തികളാവണം. രാഷ്ട്രീയ പാര്‍ട്ടികളെ മുന്‍കാലങ്ങളില്‍ നയിച്ച നേതാക്കളെ ജനം നെഞ്ചേറ്റാന്‍ കാരണം അവരുടെ സത്യസന്ധതയും ധൈഷണികതയും, ത്യാഗമനോഭാവവും മനസ്സിലാക്കിയാണ്. നേതാക്കള്‍ നിലകൊള്ളുന്നത് തങ്ങള്‍ക്ക് വേണ്ടിയാണെന്ന വികാരം ജനം നെഞ്ചേറ്റി. അതാണ് നേതാക്കളുടെ പടങ്ങള്‍ ഹൃദയങ്ങളിലും വീടുകളിലും ജനങ്ങള്‍ ചില്ലിട്ട് സൂക്ഷിച്ചത്. ലളിത ജീവിതം നയിച്ചും, തങ്ങളുടെ സ്വത്ത് പാര്‍ട്ടിക്കും, ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പിച്ചും അവര്‍ മാതൃകയായി. അത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രമുറങ്ങുന്ന അടിത്തട്ടില്‍ നിന്നാണ് പൊതു പ്രവര്‍ത്തനത്തിന് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം ഇവര്‍ നടത്തുന്നതെന്ന് മറന്നുപോകരുത്. എത്രയോ മനുഷ്യരുടെ ജീവനുകളാണ് രാഷ്ട്രീയ കൊലക്കത്തിക്കിരയായത്. എത്രയോ കുഞ്ഞുങ്ങള്‍ക്കാണ് രക്ഷിതാക്കളെ നഷ്ടപ്പെട്ടത്. എത്രയോ അമ്മമാര്‍ക്കാണ് മക്കളെ നഷ്ടപ്പെട്ടത്, എത്രയോ സ്ത്രീകളാണ് വിധവകളായത്. അവരുടെ സങ്കടം ആര് തീര്‍ക്കും. കേരളത്തിന്റെ യശസ്സ് പ്രബുദ്ധ രാഷ്ട്രീയത്തിന്റെ അങ്കതട്ടാണ്. അത് പൂര്‍വ്വസൂരികളായ നേതാക്കള്‍ കെട്ടിപ്പടുത്തതാണ്. അക്രമവും കൊലവിളിയുമായി നേതാക്കള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍, അത് സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്? അക്രമത്തിലേക്ക് നമ്മുടെ യുവതലമുറ പോയാല്‍ ആരാണ് ഉത്തരവാദി? എന്നിത്യാദി ചോദ്യങ്ങള്‍ പ്രസക്തമാണ്. നല്ല കാര്യങ്ങള്‍ പറയുകയും ചെയ്യുകയും, നാടിനെ നന്മയിലേക്ക് നയിക്കുകയും ചെയ്യലാണ് ഓരോരുത്തരുടേയും കടമ. നമുക്ക് പിന്നാലെ വരുന്ന തലമുറക്ക് മികച്ച ഒരു കേരളമാണ് നല്‍കേണ്ടതെന്ന കാര്യം ആരും മറുന്നുപോകരുത്.

ഇനിയും നിര്‍ത്തിക്കൂടേ ഈ കൊലവിളി പ്രസംഗങ്ങള്‍

Share

Leave a Reply

Your email address will not be published. Required fields are marked *