വാര്‍ത്താവാരം 

വാര്‍ത്താവാരം 

               അഞ്ചാം മാസത്തിന്റെ ആലസ്യവുമായി നടക്കുന്ന വി.ഡി.സതീശന്‍ സര്‍ക്കാരിന് അകത്തും, പുറത്തു നിന്നുമാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. സര്‍ക്കാര്‍ മാറിയതറിയാതെ, ഉറങ്ങുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടാക്കുന്ന ഉറക്കപിച്ച് നടപടികള്‍, സര്‍ക്കാരിന്റെ  ഉറക്കം കെടുത്തുകയാണ്. അവസാനമായി ബേക്കറിവഴി ഹോര്‍ട്ടിവൈന്‍ വില്‍ക്കാനുള്ള ഉത്തരവാണ് വിവാദമായത്. സംഗതി എക്‌സൈസ്സ് വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവിറക്കിയതെങ്കിലും, മറുപടി എക്‌സൈസ്സ് വകുപ്പ് മന്ത്രി എം.ലിജുവിന് പറഞ്ഞല്ലേ പറ്റൂ. മറുപടിയോടൊപ്പം വേണ്ടപ്പെട്ട ഉദ്യോഗസ്ഥനെ ശിക്ഷിച്ചാണ് ലിജു കണക്ക് തീര്‍ത്തത്. ഭരണം മാറിയതറിയാതെ, പഴയകാല ദിവാസ്വപ്‌നം കണ്ട് ഭരണം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്കൂടിയായി ഈ നടപടി.
വി.ഡി.സതീശന്‍ സര്‍ക്കാരിനെ ഉറ്റുനോക്കി, വിമര്‍ശന ശരവുമായി നിയമസഭയില്‍ ദുര്‍ബലമാണെങ്കിലും പ്രതിപക്ഷം ഉറക്കമിളിച്ച് കാത്തിരിപ്പാണ്. അതിനിടയിലാണ് ടീം യുഡിഎഫിനകത്ത് പൊട്ടലും, ചീറ്റലുമുണ്ടായത്. അത് കെപിസിസി ആസ്ഥാനത്ത് നിന്നുള്ള ഉഗ്രന്‍ വെടിവെപ്പിലാണ് കലാശിച്ചത്. പ്രത്യക്ഷത്തില്‍ പലര്‍ക്കും പരിക്കേറ്റെങ്കിലും, വാചക വെടി നടത്തിയ നേതാവിന് നീതി കിട്ടിയില്ലെന്ന തോന്നലില്‍ മൂപ്പര്‍ നേരെ ഡല്‍ഹിക്ക് വണ്ടികയറി. ഹൈക്കമാന്‍ഡിലെത്തി ആവലാതി ബോധിപ്പിച്ചു. മറുപടി എന്താണെന്ന് അങ്ങാടിപ്പാട്ടായിട്ടില്ല. എന്തായാലും തല്‍ക്കാലം നീറ്റലും പുകച്ചിലുമായി കാര്യങ്ങള്‍ തുടരുകയാണ്.
ഇഡിയും വിജിലന്‍സും നേര്‍ക്ക്‌നേര്‍ വരുമ്പോള്‍ ഇ.ഡിയുടെ നടപടിയിലാണ് സിപിഎം വിയര്‍ക്കുന്നത്.  ഇ.ഡി നടപടി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് രായ്ക്കുരാമാനം ഗോവിന്ദന്‍മാഷ് ഉരുവിടുന്നുണ്ടെങ്കിലും, കാര്യങ്ങള്‍ അത്ര ശുഭകരമായല്ല മുന്നോട്ടുപോകുന്നത്. പാര്‍ട്ടിയുടെ പരമോന്നത ബോഡിയായ പോളിറ്റ്ബ്യൂറോ മെമ്പറും, മുന്‍ മുഖ്യമന്ത്രിയും, സംസ്ഥാന രാഷ്ട്രീയത്തിലെ മുടിചൂടാമന്നനും കനല്‍പാതകള്‍ ചവിട്ടി കയറിവന്ന നേതാവിന്റെ വീടിന്റെ ചുമരിലാണ് ഇ.ഡിയുടെ നടപടിയെത്തിയിരിക്കുന്നത്. മുന്‍ മുഖ്യന്റെ മരുമകനും, സിപിഎം നേതാവുമായ മുഹമ്മദ് റിയാസിലേക്കും, അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുകയാണ്. ഇ.ഡിയെ സിപിഎം രണ്ട് തരത്തിലും നേരിടുന്നത് കാണാന്‍ കേരളം കാത്തിരിക്കുകയാണ്. വല്ല്യമ്പ്രാന്റെ അന്വേഷണം നടക്കുന്നതിനിടയിലാണാ ചെറിയമ്പ്രാന്റെ സംസ്ഥാന തല അന്വേഷണവും മുന്‍ മുഖ്യനെതിരെ നടക്കുന്നത്. ഈ രണ്ട് അന്വേഷണത്തിന്റെയും ഗതി, പഴയകാല കേസുകളുടെ ഗതിയാവുമെന്ന് ഭരണ മുന്നണിക്കകത്തും, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പിന്നാമ്പുറത്തും അടക്കിപ്പിടിച്ച സംസാരമുണ്ട്.

സംസ്ഥാനങ്ങളുണ്ടാക്കുന്ന തലവേദനകള്‍

ഡല്‍ഹിയില്‍ നടക്കുന്ന വോട്ട്‌ചോരി പ്രതിഷേധത്തിലും, ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന സമരത്തിലും, പ്രതിരോധം തീര്‍ക്കാനാവാതെ കുഴങ്ങി നില്‍ക്കുമ്പോഴാണ്, ആദ്യമായി തലസ്ഥാന നഗരത്തിന്റെ ഭരണം പിടിച്ച ബിജെപിയെ വെട്ടിലാക്കി, മുന്‍ ഡിജിപിയും, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശ്രീലേഖയുടെ രാജി. രാജി ഒരുവിധം പിന്‍വലിപ്പിച്ചെങ്കിലും അസംതൃപ്തി പുകയുകയാണ്. മോദി ഭക്തയാണെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥാനം ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് ശ്രീലേഖയുടെ രാജിയെന്ന് അങ്ങാടിപ്പാട്ടാണ്. പാര്‍ട്ടിയിലേക്ക് വലിഞ്ഞ് കേറിവരുന്നവരെ, താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍, അര്‍ഹരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് അവസരം നിഷേധിക്കപ്പെടുന്നതെന്നും ബിജേപിക്കുള്ളില്‍ പൊട്ടലും, ചീറ്റലുമായി കേള്‍ക്കുന്നുണ്ട്.

പൂച്ചയ്ക്കാര് മണികെട്ടും

ഐ എന്‍ എല്ലിലെ ഇരുവിഭാഗങ്ങളും യോജിക്കുമോ? യോജിച്ച് മുന്നോട്ട്‌പോകാന്‍ ഇരുകൂട്ടര്‍ക്കും സമ്മതമാണെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരിക്കെ, ഇരുകൂട്ടരെയും പിടിച്ചിരുത്തി പഞ്ചായത്താക്കാന്‍ ആളെ എവിടെ നിന്ന് കിട്ടും എന്ന ആലോചനയിലാണ് ഐ എന്‍ എല്‍ നേതൃത്വം. അതിനിടയില്‍ പാരയുമായി നടക്കുന്ന ചിലരുണ്ടെന്ന് അണിയറയില്‍ അടക്കംപറച്ചിലുകളുണ്ട്. തര്‍ക്കത്തിലിറങ്ങി പഞ്ചായത്ത് പറയേണ്ടത് എല്‍ ഡി എഫ് നേതൃത്വമാണ്. നേതൃത്വത്തിന്റെ വിളിക്കായി കാത്തിരിക്കുന്ന ഘട്ടത്തിലാണ് കാലവര്‍ഷം കനക്കുന്നത്. നല്ല മഴ, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഈ തണുപ്പില്‍ ഇരുപാര്‍ട്ടിക്കുള്ളിലെയും ചൂട് ശമിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

വാര്‍ത്താവാരം

Share

Leave a Reply

Your email address will not be published. Required fields are marked *