ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത് ഇടതുപക്ഷം; എളമരം കരീം

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത് ഇടതുപക്ഷം; എളമരം കരീം

കോഴിക്കോട്: രാജ്യത്ത് യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ ഘട്ടത്തിലാണ് മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സച്ചാര്‍ കമ്മീഷനെ നിയമിച്ചിതെന്നും, 1957ലെയും, 67ലെയും ഇഎംഎസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണമാണ് മുസ്ലിംകളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ജീവിത പുരോഗതിയുണ്ടാക്കിയതെന്നും സിപിഎം കേന്ദ്ര കമ്മറ്റിയംഗം എളമരം കരീം പറഞ്ഞു. ഐഎന്‍എല്‍ സംഘടിപ്പിച്ച പി.എം. അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലിന്ന് നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളിലും, ഇടതുപക്ഷവും, വര്‍ഗ്ഗ ബഹുജന സംഘടനകളും സജീവമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതനുസരിച്ച് ലോക്‌സഭാ മണ്ഡല വിഭജനം നടന്നാല്‍ ഉത്തരേന്ത്യയിലെ സീറ്റുകള്‍കൊണ്ടുതന്നെ ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും, അതോടെ ഭരണഘടന പൂര്‍ണ്ണമായി അട്ടിമറിച്ച്, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മതത്തിന്റെ പേരില്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യയെ മാതൃ രാജ്യമായി കണ്ടവരാണ് ഇന്ത്യന്‍ മുസ്ലിംകള്‍. അവരെ രണ്ടാംതരം പൗരന്മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ച ഇന്ത്യയിലെ ഏകരാജാവ് ടിപ്പു സുല്‍ത്താനായിരുന്നു. ഈ രാജ്യത്തോടുള്ള മുസ്ലിംകളുടെ ദേശ സ്‌നേഹം വിവരണാതീതമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്ലിം ജനവിഭാഗത്തിന്റെ ജീവിത നിലവാരം ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. കേരളത്തിലെ മുസ്ലിംകളുടെ ജീവിത സാഹചര്യം നോക്കി രാജ്യത്തെ മറ്റിടങ്ങളെ വിലയിരുത്തുന്നത് ശരിയല്ല. ഹിന്ദു സമൂഹത്തിലെ പിന്നോക്ക ജാതിക്കാര്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചത് ഇവിടെ നടന്ന ഇടതുപക്ഷ പോരാട്ടങ്ങളാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം കാശി, മധുര ബാക്കിഹേ എന്ന മുദ്രാവാക്യമുയര്‍ത്തിയത് ആര്‍എസ്എസാണ്. മോദി സര്‍ക്കാര്‍ കൊണ്ട്‌വന്ന വഖഫ് നിയയ ഭേദഗതി, വഖഫ് നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി, എസ്‌ഐആര്‍ എല്ലാം ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാനുള്ളതാണ്. ബിജെപി കേന്ദ്രം ഭരിക്കുമ്പോഴാണ് മുസഫര്‍പൂര്‍ കലാപവും, 2020ല്‍ ഡല്‍ഹി കലാപവും നടന്നത്. വെറുപ്പിന്റെ പ്രസംഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇഎംഎസ് സര്‍ക്കാര്‍ സൗജന്യവും, സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം നടപ്പാക്കിയതിലൂടെയാണ് കേരളം വിദ്യാഭ്യാസ പുരോഗതി നേടിയത്.

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിലെ 60% പെണ്‍കുട്ടികളും പട്ടിണി അനുഭവിക്കേണ്ടിവരുകയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.അനുസ്മരണ സമ്മേളനം മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിച്ചു. സമദ് തയ്യില്‍, ഡോ.ഷമീന മെഹ്ത്താബ്, മുസ്തഫ കൊമ്മേരി, ഖദീജ, സി.എച്ച്.ഹമീദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതം പറഞ്ഞു.

 

 

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത്
ഇടതുപക്ഷം; എളമരം കരീം

Share

Leave a Reply

Your email address will not be published. Required fields are marked *