ഇന്ന് ലോക വയോജന ദിനമാണ് രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വയോജനങ്ങള്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ച സംസ്ഥാനമെന്ന പദവി കേരളം കരസ്ഥമാക്കിയിരിക്കുകയാണ്. ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.
വയോജന ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വയോജനങ്ങളെ ചേര്‍ത്ത് പിടിക്കാനാണ്. അതൊരു ജീവിതവ്രതമാക്കി പിന്തുടരാം. വയോജനങ്ങളാണ് നമ്മുടെ നാടിനെയും കുടുംബങ്ങളെയും കെട്ടിപ്പടുത്തത്. ജീവിതം കാലം മുഴുവന്‍ നാടിനും കുടുംബത്തിനുമായി ജീവിതം ചിലവഴിച്ച് വാര്‍ദ്ധക്യലെത്തുമ്പോള്‍ അവരെ ഒരിക്കലും കൈയ്യൊഴിയാന്‍ പാടില്ല. അവരെ നല്ലരീതിയില്‍ ചേര്‍ത്ത്പിടിച്ച് പരിപാലിക്കണം. എന്നാല്‍ ദുഃഖകരമായ വാര്‍ത്തകള്‍ നമ്മുടെ നാട്ടില്‍ നിന്നും ഉയരുന്നുണ്ട്. വൃദ്ധരായ മാതാപിതാക്കളെ ദ്രോഹിക്കുന്നതും അവരെ ഒറ്റപ്പെടുത്തുന്നതും വര്‍ദ്ധിച്ച് വരികയാണ്. വയോജനങ്ങള്‍ക്കെതിരായ കേസുകളില്‍ മഹാഭൂരിപക്ഷത്തിലും പ്രതിസ്ഥാനത്തുള്ളത് മക്കളും മരുമക്കളുമാണ്. മക്കളും മരുമക്കളും ഇവരെ ഒറ്റപ്പെടുത്താനും, ഉപദ്രവിക്കാനും ശ്രമിക്കുമ്പോള്‍ പലരും ഗത്യന്തരമില്ലാതെ വൃദ്ധ സദനങ്ങളില്‍ കൊണ്ട്‌പോയി തള്ളുന്നതും കുറവല്ല. തങ്ങളുടെ മക്കളെ കുട്ടിക്കാലത്ത് നെഞ്ചോട് ചേര്‍ത്ത്പിടിച്ചവര്‍, പ്രായമാവുമ്പോള്‍ അവരെ ദ്രോഹിക്കുന്നവരെ ശക്തമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കണം.
വയോജനങ്ങളെ പരിപാലിക്കുന്നതിന് ജപ്പാന്‍ മാതൃകയിലാണ് കേരളം ഇടപെട്ട്‌കൊണ്ടിരിക്കുന്നത്. പ്രായം വെറും സംഖ്യമാത്രമാണെന്ന നിലയില്‍ സജീവമായി മുന്നോട്ടുപോകുന്ന വൃദ്ധര്‍ നല്‍കുന്ന ആനന്ദമെത്ര വലുതാണ്. പ്രായമായവര്‍ മുറിയില്‍ വാതിലടച്ച് ഇരിക്കുന്ന കാലമെല്ലാം കഴിഞ്ഞു. അവര്‍ക്ക് ഒറ്റപ്പെടാതെ സാമൂഹികമായി സജീവമായിരിക്കാന്‍ ഒട്ടനവധി വേദികള്‍ ഇന്നുണ്ട്. പ്രായമായവരെ കണ്ടെത്തി, അവരെ സഹായിക്കുന്ന ചാരിറ്റി പ്രസ്ഥാനങ്ങളും കേരളത്തില്‍ സജീവമാണ്. ഇത്തരം സംവിധാനങ്ങളെല്ലാം കൂടുതല്‍ ഫലപ്രദമായി ഇടപെടണം. പ്രായമാകുമ്പോഴുണ്ടാവുന്ന രോഗാവസ്ഥകളെ ചെറുക്കാന്‍ ഫലപ്രദമായ പരിചരണവും, മാനസികാരോഗ്യവും ഇവര്‍ക്ക് ഉറപ്പുവരുത്താന്‍ പുതിയ വകുപ്പിനാകട്ടെ. സംസ്ഥാന ജനസംഖ്യയിലെ 50 ലക്ഷത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാരെ ശ്രദ്ധിക്കാന്‍ ഒരു വകുപ്പുണ്ടാകുന്നത് വലിയ ആഹ്ലാദം പകരുന്ന ഒന്നാണ്. ആധുനിക ചികിത്സയുടെ വരവോടെ വര്‍ദ്ധിച്ച് വരുന്ന ആയൂര്‍ ദൈര്‍ഘ്യം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കാനിടയായിട്ടുണ്ട്. അനുഭവ സമ്പത്തുള്ളവരാണ് വയോജനങ്ങള്‍. അതുകൊണ്ട് തന്നെ അവരുടെ കര്‍മ്മശേഷി സമൂഹത്തിന് ഉപയോഗപ്പെടുത്താന്‍ നടപടികളുണ്ടാവണം. പുതിയ വകുപ്പ് വലിയ പ്രതീക്ഷകളുടെ യാഥാര്‍ത്ഥ്യമായി മാറട്ടെ. വകുപ്പിന് കീഴില്‍ വയോജന വിഷയങ്ങള്‍ക്ക് ഏകോപനവും പരിഹാരവുമുണ്ടാകട്ടെ.
