കോഴിക്കോട്: അഞ്ച് പതിറ്റാണ്ട് മുന്‍പ് പ്രവാസ ജീവിതം നയിക്കുന്ന കാലംതൊട്ട് സാഹിത്യ രചന ആരംഭിച്ച ഉസ്മാന് ഒഞ്ചിയം പ്രവാസ ലോകത്തിന് അഭിമാനമാണെന്ന് ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചെറുകഥ-കവിത സായാഹ്ന ചടങ്ങില്‍ ഉസ്മാന് ഒഞ്ചിയത്തെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം ജീവിതാനുഭവങ്ങളുടെ കലവറയാണ്. സര്‍ഗ്ഗശേഷിയുള്ളവര്‍ക്ക് പ്രവാസജീവിതം എഴുത്തിന്റെ വളക്കൂറുള്ള മണ്ണാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതങ്ങളുടെ നേര്‍ചിത്രം സാധാരണക്കാര്‍ക്കടക്കം മനസ്സിലാകുന്ന ഭാഷയില്‍ എഴുതുവാനുള്ള കഴിവ് ഉസ്മാന് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയകാല ജീവിതവും പുതുതലമുറയുടെ ജീവിതവും ഉസ്മാന് അടയാളപ്പെടുത്തുമ്പോള്‍ അതില്‍ നിന്ന് സമൂഹത്തിന് പലതും പഠിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍ അധ്യക്ഷത വഹിച്ചു. അനിത മാധവ്, ഗോഡ് ഫ്രഡ് ജേക്കബ് ഡാനിയേല്‍, ഗോപാലന് ഉള്ളിയേരി, ഷിബുദാസ് വേങ്ങേരി, അനില്‍ പരപ്പില്‍ എന്നിവര്‍ ആശംസകള്‍ നേരുന്നു. പുരുഷു കക്കോടി നന്ദിയും പറഞ്ഞു.
ഉസ്മാന് ഒഞ്ചിയം പ്രവാസ ലോകത്തിന് അഭിമാനം: ആറ്റക്കോയ പള്ളിക്കണ്ടി
