കോഴിക്കോട്: വീടുകളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകളുടെ സാമ്പത്തിക, ആരോഗ്യ, പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ച് സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്സ് ക്ലബ്ബും നടത്തിയ ‘റീ-ലൈഫ്’ സുരക്ഷിത ഭാവിക്കായി ഉത്തരവാദിത്വത്തോടെയുള്ള മരുന്നുപയോഗം’ പഠനത്തിന്റെ റിപ്പോര്‍ട്ട് കായണ്ണ പഞ്ചായത്തിന് കൈമാറി. മരുന്നുകളുടെ അനാവശ്യ നഷ്ടം കുറയ്ക്കുക, സുരക്ഷിതമായ മരുന്ന് നിര്‍മാര്‍ജനത്തെക്കുറിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക, ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ക്കായി ശാസ്ത്രീയമായ തിരിച്ചെടുക്കല്‍ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ മുന്നോട്ടുവയ്ക്കുക എന്നിവയാണ് റീ-ലൈഫ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇതുപ്രകാരമുള്ള നയം രൂപീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും അധികാരികളോട് ആവശ്യപ്പെടും. ഉപയോഗിക്കേണ്ടവയും ഉപയോഗം കഴിഞ്ഞത് തരംതിരിക്കാനും ആവശ്യമില്ലാത്തത് ശേഖരിച്ച് സംസ്കരിക്കാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെടും.
പഞ്ചായത്തിലെ 250 കുടുംബങ്ങളെ ഉള്‍പ്പെടുത്തി 40 വിദ്യാര്‍ഥികള്‍ 20 സംഘങ്ങളായാണ് സര്‍വേ നടത്തിയത്. വീടുകളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകള്‍, ചികിത്സ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മരുന്നുപയോഗം നിര്‍ത്തുന്ന പ്രവണത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിധ്യം, അവയുടെ നിലവിലെ നിര്മാര്ജനരീതികള്, മരുന്ന് മാലിന്യവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം, സുരക്ഷിതമായ തിരിച്ചെടുക്കല്‍ സംവിധാനത്തോടുള്ള ജനങ്ങളുടെ സമീപനം എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.
പഠനത്തില്‍ പങ്കെടുത്ത കുടുംബങ്ങളില്‍ 62.4 ശതമാനത്തിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകള്‍ ഉള്ളതായി കണ്ടെത്തി. 50.8 ശതമാനം കുടുംബങ്ങളില്‍ ചിലപ്പോഴെങ്കിലും അല്ലെങ്കില്‍ പതിവായി മരുന്നുകള്‍ ശേഷിക്കുന്നതായും, 47.2 ശതമാനം പേര് ചികിത്സ പൂര്‍ത്തിയാകുന്നതിനു മുമ്പ് മരുന്നുപയോഗം നിര്‍ത്തിയ അനുഭവമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീട്ടിലുണ്ടെന്നോ അതിനെക്കുറിച്ച് ഉറപ്പില്ലെന്നോ 47.6 ശതമാനം കുടുംബങ്ങള്‍ അറിയിച്ചു.
ഉപയോഗിക്കാത്തതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന നിലവിലെ രീതികളില്‍ 68.4 ശതമാനം കേസുകളില്‍ സുരക്ഷിതമല്ലാത്ത നിര്മാര്ജനരീതികളുടെ സാധ്യത കണ്ടെത്തി. മരുന്നുകള്‍ സുരക്ഷിതമായി തിരികെ സ്വീകരിക്കുന്ന സംഘടിത സംവിധാനത്തിന് 93.2 ശതമാനം പേരും പിന്തുണ അറിയിച്ചപ്പോള്‍, അത്തരമൊരു സംവിധാനം നിലവില്‍ വന്നാല്‍ ഉപയോഗിക്കുമെന്ന് 96.8 ശതമാനം പേരും അറിയിച്ചു. ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമാണെന്ന് 94.8 ശതമാനം കുടുംബങ്ങളും അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. പി കെ ഷാജി, അധ്യാപിക ഫസ്ല റഹ്മാന് വിദ്യാര്‍ഥികളായ അനഘ, പാര്‍വണ, ആദിത്യന് എന്നിവര്‍ പങ്കെടുത്തു.
