പണ്ഡിറ്റ് കെ.പി കറുപ്പന് 142-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു
കൊച്ചി : കെ കരുണാകരന് സര്‍ക്കാര്‍ ആരംഭിക്കുകയും എ.കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും സര്‍ക്കാരുകള്‍ തുടരുകയും ചെയ്ത ക്ഷേമ പദ്ധതികള്‍ ഈ സര്‍ക്കാരും തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് പറഞ്ഞു. മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കിയത് ഇനിയും വര്‍ധിപ്പിക്കും. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പുനരധിവാസം ഉറപ്പാക്കുമെന്നും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പുനര്‍ഗേഹം പദ്ധതി കൂടുതല്‍ ആകര്‍ഷമാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖില കേരള ധീവരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് കെ.പി കറുപ്പന്റെ 142-ാം ജന്മദിനാഘോഷവും, ധീവരദിനാഘോഷവും പണ്ഡിറ്റ് കറുപ്പന് കൊച്ചി നിയമസഭയില്‍ എം.എല്‍.സി ആയതിന്റെ 100 -ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടിക ജാതി – പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയ്ക്ക് വേണ്ടി പോരാടിയതോടൊപ്പം, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അധികാരികളെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ലോക്സഭാംഗമായ കൊടിക്കുന്നില്‍ സുരേഷ് എം.പി ക്ക് പണ്ഡിറ്റ് കറുപ്പന് പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. പണ്ഡിറ്റ് കറുപ്പന് സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ധീവരസഭ സംസ്ഥാന പ്രസിഡന്റ് എം.വി വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ധീവരസഭ 50 ആവശ്യങ്ങള്‍ ഉന്നയിച്ചു സമര്‍പ്പിച്ച നിവേദനം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ, ഹൈബി ഈഡന് എം.പി എന്നിവര്‍ മുഖ്യാതിഥികളായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ അഡ്വ. വി.കെ മിനിമോള്‍, ധീവരസഭ സംസ്ഥാന ജന. സെക്രട്ടറിയും മുന്‍ എം.എല്‍.എ യുമായ വി. ദിനകരന്, സംസ്ഥാന ഭാരവാഹികളായ പി.വി ജനാര്ദ്ദനന്, കെ.കെ തമ്പി, എം. വത്സലന്‍, പൂന്തുറ ശ്രീകുമാര്‍, പി.എം സുഗതന്, പി. ഗോവിന്ദന്, സുനില്‍ മടപ്പളളി, അഡ്വ. ഷാജു തലാശ്ശേരി, ശാന്തി മുരളി, സുലഭ പ്രദീപ്, അനില്‍.ബി കളത്തില്‍, എ.ആര് ശിവജി, ജെ. വിശ്വംഭരന്, മണി കാവുങ്ങല്‍, എസ്. സുകുമാരന്‍ തന്ത്രി, മുന്‍ സംസ്ഥാന പ്രസിഡന്റ് എ. ദാമോദരന്‍, ജില്ലാ പ്രസിഡന്റ് കെ.വി സാബു, സെക്രട്ടറി എ.വി ഷാജി എന്നിവര്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ തുടരും; മുഖ്യമന്ത്രി
