കോഴിക്കോട് : ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 58-ാമത് കോഴിക്കോട് ജില്ലാ റൈഫിള്‍ & പിസ്റ്റള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
ജൂണ്‍ 28 മുതല്‍ 30 വരെ തൊണ്ടയാട് ഷൂട്ടിംഗ് റേഞ്ചില്‍ ആയിരുന്നു ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം. റൈഫിള്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് പതം സിംഗ് ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികള്‍ക്കുള്ള മെഡലുകള്‍ അദ്ദേഹം വിതരണം ചെയ്തു.
കൃത്യമായ പരിശീലനവും അച്ചടക്കവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്നതില്‍ ഷൂട്ടിംഗ് കായിക ഇനത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.രഞ്ജി സെബാസ്റ്റ്യന്‍, ദിനല്‍ ആനന്ദ്, ജോര്‍ജ്ജുകുട്ടി ജോണ്‍, ബിജി.വി.ബി തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 105 ഷൂട്ടര്‍മാര്‍ പങ്കെടുത്തു. 191 മത്സര ഇനങ്ങളിലായി റൈഫിള്‍, പിസ്റ്റള്‍ വിഭാഗങ്ങളില്‍ വിവിധ പ്രായ-കാറ്റഗറികളിലായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരഫലങ്ങളുടെ അടിസ്ഥാനത്തില്‍ 52 പുരുഷന്മാരും 24 വനിതകളും ഉള്‍പ്പെടെ ആകെ 76 ഷൂട്ടര്‍മാര്‍ 2026-ലെ സംസ്ഥാന റൈഫിള്‍ & പിസ്റ്റള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.
ചടങ്ങില്‍ റൈഫിള്‍ ക്ലബ്ബ് സെക്രട്ടറി അഭിജിത്ത് സബരീഷ് സ്വാഗതവും ചീഫ് കോച്ച് വിപിന്‍ദാസ് വി. നന്ദിയും രേഖപ്പെടുത്തി.
