ശ്രീരാമ ക്ഷേത്രം കൊള്ള; മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട്‌വരണം

ശ്രീരാമ ക്ഷേത്രം കൊള്ള; മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട്‌വരണം

                അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ നടന്ന തീവെട്ടികൊള്ള രാജ്യത്തെ ആകെ തല താഴ്ത്തിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന നിയമ വ്യവഹാരങ്ങളില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയതുമായിരുന്നു അയോദ്ധ്യ കേസ്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്താണ് പരമോന്നത നീതിപീഠത്തിന്റെ  ഉത്തരവോടെ രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. ഈ അയോദ്ധ്യ സംഭവം ആളിക്കത്തിച്ചാണ് ബിജെപി രാജ്യത്ത് മത ധ്രുവീകരണം നടത്തി അധികാരം പിടിച്ചത്. പരമോന്നത നീതി പീഠത്തിന്റെ ഉത്തരവ് ഇരുവിഭാഗവും മാനിക്കുകയും അവിടെ രാമക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആ രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കിയ കാണിക്കയടക്കമുള്ള കോടിക്കണക്കിന് രൂപ കൊള്ളയടിച്ചെന്നാണ്. ഈ സംഭവത്തില്‍ ബിജെപിക്ക്  പിന്തുണ കൊടുക്കുന്ന രാമജന്മ ഭൂമി തീര്‍ത്ഥ ട്രസ്റ്റ് ചമ്പത്ത് റായ് അടക്കമുള്ളവര്‍ക്ക് ട്രസ്റ്റ് ജന.സെക്രട്ടറി സ്ഥാനമടക്കം രാജിവെക്കേണ്ടി വന്നിരിക്കുകയാണ്. ഭക്തര്‍ വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കുന്ന പണം അടിച്ചുമാറ്റിയത് ഏത് വമ്പനായാലും അവരെയെല്ലാം നിയമത്തിന്റെ  മുന്‍പില്‍ ഹാജരാക്കി കടുത്ത നടപടി ആവശ്യമാണ്. ചമ്പത് റായിയുടെ വിശ്വസ്ഥനും മുന്‍ ഡ്രൈവറുമായ റാം ശങ്കര്‍ യാദവടക്കം കുറ്റവാളികളുടെ പട്ടികയിലുണ്ട്. ഇങ്ങനെ പണം അപഹരിച്ചവര്‍ കോടിക്കണക്കിന് സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. രാമജന്മ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഏതാണ്ട് 5000 കോടി രൂപയോളംസംഭാവനയായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഈ പണത്തിന്റെ കണക്കും കൃത്യമായി കേന്ദ്ര-യുപി സര്‍ക്കാരുകള്‍ പരിശോധിക്കേണ്ടതാണ്. ആഗോള തലത്തില്‍ തന്നെ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഭാവന ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഹിന്ദു മതത്തിന്റെ  സംരക്ഷകര്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ക്ഷേത്ര ഭരണം കയ്യാളിയവര്‍ നടത്തിയ അഴിമതി രാജ്യത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. ഈ സംഭവത്തില്‍ ഉന്നതരുണ്ടെന്ന് വ്യക്തമാണ്. എത്ര ഉന്നതനായാലും അവരെയെല്ലാം പിടിക്കേണ്ടതാണ്. ക്ഷേത്ര ഭണ്ഡാരത്തിലെ പണവും, മറ്റ് വസ്തുക്കളും എണ്ണിതിട്ടപ്പെടുത്തിയവരെല്ലാം പണം അടിച്ചുമാറ്റിയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മ്മിച്ച ഈ ആരാധനാലയം കുറ്റമറ്റ രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പൊതു സമൂഹത്തോട് വിശദീകരിക്കേണ്ടതാണ്. ഈ സംഭവത്തില്‍ മുഴുവന്‍ പേരെയും കണ്ടെത്തണമെന്ന വിഎച്ച്പി അധ്യക്ഷന്‍ അലോക് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീരാമ ക്ഷേത്രം കൊള്ള; മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട്‌വരണം

Share

Leave a Reply

Your email address will not be published. Required fields are marked *