ചുരുങ്ങുന്ന മനുഷ്യവംശം: യുഎൻ ഫെർട്ടിലിറ്റി റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പുകൾ:-
“ഭാവിയിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് സ്വർണമോ എണ്ണയോ ആയിരിക്കില്ല; മറിച്ച്, ജോലി ചെയ്യുവാൻ ശേഷിയുള്ള മനുഷ്യർ മാത്രമായിരിക്കും.”
ലോകം ഇന്നുവരെ ചിന്തിച്ചിരുന്നതും ആശങ്കപ്പെട്ടിരുന്നതും ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചും മാത്രമായിരുന്നു. എന്നാൽ, ഇനി വരാനിരിക്കുന്ന കാലം മനുഷ്യവംശം നേരിടാൻ പോകുന്നത് ജനസംഖ്യാ തകർച്ചയെക്കുറിച്ചുള്ള ഭീതിയാണെന്ന ഗൗരവമേറിയ യാഥാർത്ഥ്യമാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ ‘ഗ്ലോബൽ ഫെർട്ടിലിറ്റി റിപ്പോർട്ട്’ നമ്മുടെ മുന്നിലേക്ക് വെക്കുന്നത്. നൂറ്റാണ്ടുകളായി തുടർന്നുപോന്ന വംശപരമ്പര നിലനിർത്താൻ ആവശ്യമായ ആഗോള പ്രത്യുൽപാദന നിരക്ക് (Total Fertility Rate – TFR) വൻതോതിൽ ഇടിയുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുത്തനെ താഴോട്ട് പോകുന്ന ‘ടിഎഫ്ആർ’
ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് ജന്മം നൽകുന്ന ശരാശരി കുട്ടികളുടെ എണ്ണത്തെയാണ് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TFR) എന്ന് പറയുന്നത്. ഒരു രാജ്യത്തെ ജനസംഖ്യ കുറയാതെ അതേപടി നിലനിർത്തണമെങ്കിൽ ഈ നിരക്ക് കുറഞ്ഞത് 2.1 എങ്കിലും ആയിരിക്കണം. ഇതിനെയാണ് ‘റീപ്ലേസ്‌മെന്റ് ലെവൽ’ (Replacement Level) എന്ന് വിളിക്കുന്നത്. എന്നാൽ ആഗോള നിരക്കുകൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്:
1960-ൽ: ഒരു സ്ത്രീക്ക് ശരാശരി 5 കുട്ടികൾ ഉണ്ടായിരുന്നു.
1990-ൽ: ഇത് 3 ആയി കുറഞ്ഞു.
നിലവിൽ: ആഗോള നിരക്ക് കൃത്യം 2.1-ൽ എത്തിനിൽക്കുന്നു.
ഭാവിയിൽ: ഇത് ഇനിയും കുറഞ്ഞ് 1.8 ലേക്ക് താഴുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.
ഇന്ന് ലോകത്തെ 55 ശതമാനത്തോളം രാജ്യങ്ങളിലും ജനന നിരക്ക് 2.1-ന് താഴെയാണ്. ഇന്ത്യ, ചൈന, യു.എസ്, ബ്രസീൽ, റഷ്യ തുടങ്ങിയ വൻശക്തികളെല്ലാം ഈ പട്ടികയിലുണ്ട്. നിലവിൽ ജനസംഖ്യ കൂടുതലുള്ള ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ജനന നിരക്ക് വരും വർഷങ്ങളിൽ കുത്തനെ കുറയും. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ടിഎഫ്ആർ 1-ലും താഴെയായി ചുരുങ്ങിയത് ആ രാജ്യങ്ങളെ വലിയ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പിന്നോട്ട് വലിയുന്നതിന്റെ കാരണങ്ങൾ:-
ആധുനിക സമൂഹത്തിൽ സ്ത്രീകൾ ഗർഭധാരണത്തിൽ നിന്നും കുട്ടികൾ ഉണ്ടാകുന്നതിൽ നിന്നും പിന്നോട്ട് വലിയുന്നതിന് പിന്നിൽ പല സാമൂഹിക-സാമ്പത്തിക കാരണങ്ങളുണ്ട്:
1 സാമ്പത്തിക അസ്ഥിരതയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും: കുട്ടികളെ വളർത്തുന്നതിനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനുമുള്ള ഭീമമായ ചിലവ് ദമ്പതികളെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നു.
2 കരിയറും തൊഴിൽ സമ്മർദ്ദവും: തൊഴിൽ രംഗത്തെ കടുത്ത മത്സരങ്ങളും, ഗർഭകാലത്തും പ്രസവാനന്തരവും ജോലി നിലനിർത്തുന്നതിലുള്ള ബുദ്ധിമുട്ടുകളും കരിയറിന് പ്രാധാന്യം നൽകാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നു. വൈകിയുള്ള വിവാഹങ്ങളും ഇതിനൊരു കാരണമാണ്.
3 ആസൂത്രണമില്ലായ്മ: യു.എൻ പോപ്പുലേഷൻ ഫണ്ടിന്റെ (UNFPA) കണ്ടെത്തൽ പ്രകാരം ലോകത്ത് നടക്കുന്ന പകുതി ഗർഭധാരണങ്ങളും ഉദ്ദേശപൂർവ്വമല്ലാതെ (Unintended Pregnancies) സംഭവിക്കുന്നതാണ്. കൃത്യമായ ആസൂത്രണത്തോടെയുള്ള ജനനങ്ങൾ ഇനിയും കുറവാണെന്നാണ് ഇത് കാണിക്കുന്നത്.
4 ആഭ്യന്തര സംഘർഷങ്ങളും കാലാവസ്ഥയും: യുദ്ധം, പട്ടിണി, കാലാവസ്ഥാ വ്യതിയാനം എന്നിവ ജനനനിരക്കിനെ ദോഷകരമായി ബാധിക്കുന്നു. സുഡാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിലവിൽ TFR നാലിന് മുകളിലാണെങ്കിലും, 2050 ആകുമ്പോഴേക്കും ലോകത്ത് TFR നാലിന് മുകളിലുള്ള ഒരൊറ്റ രാജ്യം പോലും ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഗാസ, മ്യാൻമാർ തുടങ്ങിയ സംഘർഷ മേഖലകളിൽ കുട്ടികളുടെ ജനന കാര്യത്തിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. കൂടാതെ, വായു മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളുടെ വന്ധ്യതാ സാധ്യത 6% വരെ വർദ്ധിപ്പിക്കുന്നു എന്ന കണ്ടെത്തലും യു.എൻ റിപ്പോർട്ടിലുണ്ട്.
വൃദ്ധരുടെ ലോകം:-
വരാനിരിക്കുന്ന വലിയ ഭീഷണി
ലോകത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വരുന്ന കുറവ് മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. 2012-ൽ ലോകത്താകെ 146 ദശലക്ഷം (14.6 കോടി) കുഞ്ഞുങ്ങൾ ജനിച്ചിരുന്ന സ്ഥാനത്ത് നിലവിൽ അത് 131 ദശലക്ഷമായി കുറഞ്ഞു. 2100 ആകുമ്പോഴേക്കും ഇത് വീണ്ടും ചുരുങ്ങി വെറും 111 ദശലക്ഷമായി മാറും.
ജനന നിരക്ക് കുറയുകയും ആയുർദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ ലോകത്ത് യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്യും. ഇത് രാജ്യങ്ങളുടെ ഉൽപ്പാദനക്ഷമതയെയും തൊഴിൽ മേഖലകളെയും പെൻഷൻ ഫണ്ടുകളെയും താറുമാറാക്കും. ആവശ്യത്തിന് തൊഴിലാളികളില്ലാതെ സാമ്പത്തിക ഭദ്രത തകരുന്ന അവസ്ഥയിലേക്ക് ലോകം നീങ്ങുകയാണ്.
അതിജീവനത്തിന്റെ ആഗോള മാതൃകകൾ:-
ഈ കടുത്ത പ്രതിസന്ധി മറികടക്കുവാൻ ചില രാജ്യങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്:
ഫ്രാൻസ് (കുടുംബവും കരിയറും): യൂറോപ്പിൽ പൊതുവേ ജനന നിരക്ക് കുറയുമ്പോഴും ഫ്രാൻസ് അതിനെ പ്രതിരോധിക്കുന്നത് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് കരിയർ ഉപേക്ഷിക്കേണ്ടി വരാത്ത സാഹചര്യം ഒരുക്കിയാണ്. കുട്ടികളുള്ള അമ്മമാർക്ക് ആകർഷകമായ നികുതിയിളവുകളും ആനുകൂല്യങ്ങളും രാജ്യം നൽകുന്നു.
ജപ്പാൻ (സിൽവർ ഹ്യൂമൻ റിസോഴ്സ്): ലോകത്തിലെ ഏറ്റവും പ്രായമുള്ളവരുടെ രാജ്യമായ ജപ്പാൻ പ്രായമായവരിൽ സാമ്പത്തിക മൂല്യം കാണുന്നു. ‘സിൽവർ ഹ്യൂമൻ റിസോഴ്സ് സെന്ററുകൾ’ വഴി വിരമിച്ച പ്രായമുള്ളവർക്ക് പാർട്ട് ടൈം സർക്കാർ ജോലികൾ നൽകി അവരെ ഉൽപ്പാദന മേഖലയുടെ ഭാഗമാക്കുന്നു.
സിംഗപ്പൂർ (ഹൗസിംഗ് സ്കീം): സ്ഥലപരിമിതിയുള്ള സിംഗപ്പൂരിൽ, കുട്ടികൾ ജനിക്കുമ്പോൾ ദമ്പതികൾക്ക് സർക്കാർ ഫ്ലാറ്റുകൾ സബ്‌സിഡി നിരക്കിൽ നൽകുന്ന ആകർഷകമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
മറ്റ് നയങ്ങൾ: പല രാജ്യങ്ങളും ‘സിൽവർ എക്കണോമി’ നയം, കുടിയേറ്റ തൊഴിലാളികൾക്കായുള്ള ‘സ്കിൽഡ് മൈഗ്രേഷൻ’ പദ്ധതികൾ, ദീർഘകാല മാതാപിതാക്കളുടെ അവധി (Parental Leave), വർക്ക് ഫ്രം ഹോം സൗകര്യം, സൗജന്യ ഡേ കെയർ സെന്ററുകൾ എന്നിവ നടപ്പിലാക്കുന്നുണ്ട്.
കുട്ടികൾ ജനിക്കുമ്പോൾ മാത്രം രക്ഷിതാക്കൾക്ക് ഒറ്റത്തവണ സാമ്പത്തിക സഹായം നൽകുന്ന നയം തെറ്റാണെന്നും, സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും ദീർഘകാല സാമ്പത്തിക പദ്ധതികളുമാണ് ഉറപ്പാക്കേണ്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ചൈന ‘മൂന്ന് കുട്ടി നയം’ കൊണ്ടുവന്നിട്ടും, ദക്ഷിണ കൊറിയ ക്യാഷ് ബോണസും ഭവന വായ്പയിളവും നൽകിയിട്ടും അവിടെയൊന്നും ജനനനിരക്കിൽ പ്രതീക്ഷിച്ച വർദ്ധനവ് ഉണ്ടാകുന്നില്ല എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
ഇന്ത്യയുടെ അവസ്ഥ: രണ്ട് തട്ടിൽ:-
ദേശീയ കുടുംബാരോഗ്യ സർവേയിലെ (NFHS) ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ TFR 1.9 ലേക്ക് ചുരുങ്ങിയത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇന്ത്യയിലെ അവസ്ഥ രണ്ട് രീതിയിലാണ്:
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം,തമിഴ്നാട്, കർണാടക,ആന്ധ്ര എന്നീവിടങ്ങളിൽ TFR 1.5നും 1.7നും ഇടയിലാണ് (വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നീങ്ങുന്നു)
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ,ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ TFR 2.1 ന് മുകളിലാണ് (യുവാക്കളുടെ എണ്ണം കൂടുതലാണ്)
ഇന്ത്യയുടെ ഒരു പകുതി ഭാഗം വൃദ്ധസദനങ്ങളിലേക്കും ബാക്കി പകുതി കുട്ടികളുടെ ഡേ കെയർ സെന്ററുകളിലേക്കും നീങ്ങുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഈ രണ്ട് അവസ്ഥകളെയും ഒരേസമയം കൈകാര്യം ചെയ്യുന്ന കൃത്യമായ പ്ലാനിങ് ആണ് രാജ്യത്തിന് ആവശ്യം.
ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച ‘ജനസംഖ്യാപരമായ പ്രതിരോധശേഷി’ (Demographic Resilience) എന്ന നയത്തിനാണ് ഇന്ത്യ ഇനി മുൻഗണന നൽകേണ്ടത്. ഇതിന്റെ ഭാഗമായി അംഗനവാടികളെ ‘അംഗനവാടികൾ 2.0’ എന്ന നിലയിൽ ആധുനിക ഡേ കെയർ സെന്ററുകളായും ചൈൽഡ് കെയർ സെന്ററുകളായും മാറ്റുന്ന നടപടി രാജ്യം വ്യാപകമാക്കണം.
മറ്റൊരു പ്രധാന വിഷയം, നിലവിൽ കേന്ദ്ര ഫണ്ടുകൾ സംസ്ഥാനങ്ങൾക്ക് വീതം വച്ചു നൽകുന്നത് പ്രധാനമായും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ജനസംഖ്യ വിജയകരമായി നിയന്ത്രിക്കുകയും ഇപ്പോൾ വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയും ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ്. അതിനാൽ, മാറുന്ന ജനസംഖ്യാ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കേന്ദ്ര ഫണ്ട് വിതരണത്തിൽ പുതിയൊരു നയരൂപീകരണം ഉണ്ടായേ തീരൂ.
ഉപസംഹാരം:-
ജനനിരക്കിലെ വൻ ഇടിവ് കേവലം ഒരു സാമൂഹ്യ പ്രശ്നമല്ല; മറിച്ച് രാജ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന കടുത്ത സാമ്പത്തിക-തൊഴിൽ പ്രതിസന്ധിയാണ്. യുവതലമുറയ്ക്ക് അനുകൂലമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനും, ഗർഭകാല ആനുകൂല്യങ്ങൾ ഉറപ്പാക്കാനും, സാമ്പത്തിക സുരക്ഷിതത്വം നൽകാനും സർക്കാരുകൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. പട്ടിണിയും യുദ്ധങ്ങളും അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷം ഒരുക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറായില്ലെങ്കിൽ, വരും നൂറ്റാണ്ടുകളിൽ ഭൂമി ഒഴിഞ്ഞ മനുഷ്യക്കൂടുകളായി മാറുമെന്ന ഭീതിദമായ യാഥാർത്ഥ്യമാണ് ഈ റിപ്പോർട്ട് നമ്മുടെ മുന്നിൽ തുറന്നിടുന്നത്. രാജ്യങ്ങൾ കച്ചമുറുക്കി ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ടീ ഷാഹുൽ ഹമീദ്
