ഹോര്‍മൂസ് പ്രതിസന്ധി 2026: കടലിലെ മൈനുകള്‍ കണ്ടെത്താനാകാതെ ഇറാന്‍ വലയുന്നു

ഹോര്‍മൂസ് പ്രതിസന്ധി 2026: കടലിലെ മൈനുകള്‍ കണ്ടെത്താനാകാതെ ഇറാന്‍ വലയുന്നു

ഹോര്‍മൂസ് പ്രതിസന്ധി 2026: കടലിലെ മൈനുകള്‍ കണ്ടെത്താനാകാതെ ഇറാന്‍ വലയുന്നു

ടെഹ്‌റാന്‍: അന്താരാഷ്ട്ര വാണിജ്യ ഇടനാഴിയായ ഹോര്‍മൂസില്‍ വന്‍പ്രതിസന്ധി. സ്ഥാപിച്ചിരിക്കുന്ന മൈനുകള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഹോര്‍മൂസ് പൂര്‍ണ്ണമായും തുറക്കുക പ്രയാസകരമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമാബാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെ ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.

അമേരിക്ക-ഇസ്രയേല്‍ സംയുക്താക്രമണത്തിന് പിന്നാലെ ഇറാന്‍ ഹോര്‍മൂസ് അടച്ചിരുന്നു. കപ്പലുകളുടെ വഴി തടസ്സപ്പെടുത്താന്‍ ഹോര്‍മൂസില്‍ വിവിധയിടങ്ങളില്‍ മൈനുകള്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, എവിടെയൊക്കെയാണ് മൈനുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇറാന് ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചയില്‍ ഡോണാള്‍ഡ് ട്രംപ് പ്രധാനമായി മുന്നോട്ടുവെക്കുന്ന കാര്യം ഹോര്‍മൂസ് ഇടനാഴി എത്രയും പെട്ടെന്ന് പൂര്‍ണമായി തുറക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകളുടെ തയ്യാറെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഹോര്‍മൂസില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ചെറുബോട്ടുകളാണ് ഇറാന്‍ ഉപയോഗിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇറാന്‍ ഹോര്‍മൂസ് കടലിടുക്കില്‍ വിവിധയിടങ്ങളില്‍ മൈനുകള്‍ സ്ഥാപിച്ചത്. എന്നാല്‍, ഇത് എവിടെയൊക്കെ സ്ഥാപിച്ചു എന്ന കാര്യം ഇറാന്‍ രേഖകളില്‍ സൂക്ഷിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിലയിടങ്ങള്‍ ഇറാന്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഒഴുകിനീങ്ങിയിരിക്കാനുള്ള സാധ്യതകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇവ കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമരഹിതമായാണ് ഇറാന്‍ ഹോര്‍മൂസില്‍ മൈനുകള്‍ കൈകാര്യം ചെയ്തതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഗതാഗത പാതയാണ് ഹോര്‍മൂസ്. ആഗോള എണ്ണ ഉപയോഗത്തിന്റെ 20 ശതമാനത്തോളം ഈ പാതയില്‍ കൂടിയാണ് കടന്നുപോകുന്നത്. സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇതോടെ പല രാജ്യങ്ങളും പ്രതിസന്ധിയിലായി. ഇന്ന് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *