ക്ഷേമ പദ്ധതികളും രാഷ്ട്രീയ വിഷയങ്ങളും സമന്വയിപ്പിച്ച പ്രകടന പത്രികയുമായി യുഡിഎഫ്
തിരുവനന്തപുരം: ക്ഷേമ പദ്ധതികളും രാഷ്ട്രീയ വിഷയങ്ങളും സമന്വയിപ്പിച്ച പ്രകടന പത്രികയുമായി യുഡിഎഫ്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ യുഡിഎഫ് ഉറപ്പ് നല്‍കുന്നു. റബര്‍ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്നും കുറഞ്ഞ ചിലവില്‍ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനുകള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും ഐക്യമുന്നണി പ്രകടനപത്രിക പറയുന്നു.
കര്‍ണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച് വിജയിച്ച ക്ഷേമ വാഗ്ദാനങ്ങളിലൂന്നിയുള്ള പ്രകടന പത്രികയാണ് യുഡിഎഫ് കേരളത്തിലും മുന്നോട്ട് വയ്ക്കുന്നത്. റബറിന്റെ താങ്ങുവില ഉയര്‍ത്തല്‍, കുറഞ്ഞ നിരക്കില്‍ ഭക്ഷണം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമാകുന്ന വിധത്തിലുള്ള പെന്‍ഷന്‍ പരിഷ്‌കരണം, വയോജനങ്ങള്‍ക്കായി അംഗന്‍വാടി മാതൃകയില്‍ സംരക്ഷണകേന്ദ്രങ്ങള്‍ പരീക്ഷ അമ്മ വീടുകള്‍, 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, അങ്ങനെ ക്ഷേമ പദ്ധതികളുടെ നീണ്ടനിരയുണ്ട് പ്രകടനപത്രികയില്‍. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയങ്ങളിലെ യുഡിഎഫ് ബദലും പ്രകടനപത്രികയില്‍ പരാമര്‍ശിക്കുന്നു. ആശ വര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ശബരിമല തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി നിലനിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണ് സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പാക്കും എന്ന പ്രഖ്യാപനം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉന്നതാധികാരസമിതിയും ഓഡിറ്റിങ്ങും ഉണ്ടാകുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ യുള്ള അതിവേഗ റെയില്‍വേ ഇടനാഴിയും, കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോയുമടക്കം അടിസ്ഥാന വികസന രംഗത്ത് വമ്പന്‍ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് യുഡിഎഫ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. കേരള ബാങ്കിന്റെയും കിഫ്ബിയുടെയും പ്രവര്‍ത്തനങ്ങളില്‍ പുനക്രമീകരണം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാകുമോ എന്ന് സംശയമുള്ളവര്‍ക്ക് തെലങ്കാനയില്‍ എത്തി കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ബെന്നി ബഹനാന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് യുഡിഎഫിനായി പ്രകടനപത്രിക തയ്യാറാക്കിയത്.
