
കെ.എഫ്.ജോര്‍ജ്
വര്‍ഷങ്ങളുടെ കഠിനാധ്വാനംകൊണ്ട് കൃഷിഭൂമിയാക്കിയ മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുകയെന്നത് അത്യന്തം സങ്കടകരമായ കാര്യമാണ്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ 1979ല്‍ നടന്ന കര്‍ഷക കുടിയിറക്ക് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിലനില്‍പ്പിനായുള്ള കര്‍ഷകരുടെ ചെറുത്തു നില്‍പ്പിനും അവരെ ഒതുക്കാനുള്ള ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്കും സാക്ഷിയാകേണ്ടി വന്നു.
അന്ന് ദീപിക തൃശൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററായി ജോലി ചെയ്യുകയാണ്. അവധിക്ക് വീട്ടില്‍ വന്ന ശേഷം തൃശൂര്‍ക്ക് മടങ്ങുംവഴി മാനാഞ്ചിറ സി.എസ്.ഐ ബില്‍ഡിങ്ങിലുള്ള ദീപിക ഓഫീസില്‍ കയറി. അപ്പോള്‍ റീജ്യണല്‍ മാനേജര്‍ ഫാ.ജോബ് മൈലാടിയില്‍ അവിടെയുണ്ടായിരുന്നു. ഗൂഡല്ലൂരില്‍ വ്യാപകമായ കുടിയിറക്ക് നടക്കുകയാണെന്ന് അവിടത്തെ പത്രം ഏജന്റ് ഫോണില്‍ അറിയിച്ചതായി ഫാ.ജോബ് പറഞ്ഞു. പത്രത്തിന് നല്ല സര്‍ക്കുലേഷനുള്ള പ്രദേശമാണ് ഗൂഡല്ലൂരിന്റെ സമീപമുള്ള കുടിയേറ്റ ഗ്രാമങ്ങള്‍.
തൃശൂര്‍ യാത്ര റദ്ദാക്കി ഗൂഡല്ലൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ സമയം രണ്ടര മണിയായി. ഗൂഡല്ലൂര്‍ക്ക് അന്ന് പിന്നീട് കെ.എസ്.ആര്‍.ടി.സി ബസുകളില്ല. ഏക ആശ്രയം ദേവാലയ്ക്കുള്ള സി.ഡബ്ല്യൂ.എം.എസ് ബസാണ്. ദേവാലയില്‍ നിന്ന് കുറച്ചു ദൂരമേയുള്ളൂ ഗൂഡല്ലൂര്‍ക്ക്. ഇന്നു രാത്രി ദേവാലയിലെത്തി അവിടെ തങ്ങി രാവിലെ ഗൂഡല്ലൂര്‍ക്ക് പോയി വാര്‍ത്ത എടുക്കാമെന്നു കരുതിയാണ് യാത്ര.
ദേവാല ബസ് മേപ്പാടി കഴിഞ്ഞപ്പോള്‍ ബസില്‍ യാത്രക്കാര്‍ കുറഞ്ഞു. ദേവാലയില്‍ രാത്രി കഴിച്ചുകൂട്ടാന്‍ ലോഡ്ജുണ്ടാകുമല്ലോ എന്ന് കണ്ടക്ടറോടു തിരക്കി. അത് എസ്റ്റേറ്റ് പ്രദേശമാണ്. ഒരു ചായക്കടയും ഒന്ന് രണ്ട് പലചരക്ക് കടകളും മാത്രമേ അവിടെയുള്ളൂവെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ എങ്ങനെ അവിടെ രാത്രി കഴിച്ചു കൂട്ടുമെന്നു ചോദിച്ചു. ഞങ്ങള്‍ ബസില്‍ കിടന്നുറങ്ങുമെന്നായിരുന്നു മറുപടി.
കുടുങ്ങിയല്ലോ, ഏതായാലും രാത്രി ബസില്‍ കിടക്കാമെന്ന് മനസ്സില്‍ കരുതി. ബാഗോ ധരിച്ച വസ്ത്രങ്ങള്‍ക്കപ്പുറം എന്തെങ്കിലും തുണിയോ എടുത്തിട്ടില്ല. ദേവാല അടുക്കുന്തോറും ബസില്‍ നല്ല തണുപ്പ്. വാര്‍ത്ത എഴുതാനുള്ള ചെറുപ്പത്തിന്റെ ആവേശത്തില്‍ ചാടിപ്പുറപ്പെട്ടതാണ്.
കേരള അതിര്‍ത്തി കഴിഞ്ഞപ്പോള്‍ ബസില്‍ ഡ്രൈവറേയും കണ്ടക്ടറേയും കൂടാതെ ഞാന്‍ മാത്രമേ യാത്രക്കാരനായുള്ളൂ. രാത്രി പത്തുമണിയോടെ ബസ് ദേവാലയിലെത്തി. അവിടെ ഒരു ചായക്കടയുടെ മുമ്പിലാണ് നിര്‍ത്തിയത്. തണുത്ത് വിറച്ച് ഞാനും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമൊപ്പം ചായക്കടക്കു മുമ്പില്‍ ഇറങ്ങി.
ചായക്കടയ്ക്കുള്ളിലും പുറത്തുമായി വലിയ ജനക്കൂട്ടം. വളരെ പ്രായമായവരും കുട്ടികളുമടക്കം ഇരുനൂറോളം പേരുണ്ട്്. അലുമിനിയം കലങ്ങള്‍, ചട്ടി, ചൂല്‍, കിണ്ടി, മൊന്ത തുടങ്ങിയ വീട്ടു സാധനങ്ങളും കൂടെ ആട്, പശു, നായ തുടങ്ങിയ ജീവികളും.
കുടിയിറക്കി ആട്ടിയോടിച്ചപ്പോള്‍ കൈയ്യില്‍ കിട്ടിയ സാധനങ്ങളുമായി ചായക്കടയില്‍ അഭയം തേടിയിരിക്കുകയാണ് അവര്‍. ഞാന്‍ പത്ര ലേഖകനാണെന്ന് ബസുകാര്‍ പറഞ്ഞപ്പോള്‍ ജനക്കൂട്ടം എന്റെ നേരെ തിരിഞ്ഞു. ‘ നിങ്ങള്‍ ഇത്ര നേരം എവിടെയായിരുന്നു? ഞങ്ങളെ ഉടുതുണിക്ക് മറുതുണിയില്ലാതെ ഇറക്കി വിട്ടതു കണ്ടില്ലേ? എന്നെല്ലാം അവര്‍ ആക്രോശിച്ചു.
കഴുത്തില്‍ മഫ്ളര്‍ ചുറ്റി തണുത്ത് വിറച്ചിരിക്കുന്ന പ്രായമായവരും വള്ളി നിക്കര്‍ മാത്രമിട്ട ചെറിയ കുട്ടികളുമെല്ലാം അക്കൂട്ടത്തിലുണ്ട്. വല്ലാത്ത സങ്കടം തോന്നി. വര്‍ഷങ്ങളോളം അധ്വാനിച്ച് ഉപജീവനം കണ്ടെത്തിയ മണ്ണില്‍ നിന്ന് ഇത്തരത്തില്‍ ഇറക്കി വിടുന്നത് ഏതു നിയമത്തിന്റെ പേരിലാണെങ്കിലും കൊടും ക്രൂരതയാണ്.
ചായക്കടയില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ല. അപ്പോള്‍ നാട്ടുകാരോട് ആ പ്രദേശത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചുമെല്ലാം തിരക്കി. എല്ലാവരും വിലകൊടുത്ത് ഭൂമി വാങ്ങിയവരാണ്. ദേവാലയില്‍ അവര്‍ക്ക് ഇടവകപ്പള്ളിയുണ്ട്. ഫാ.തോമസ് വാലിയില്‍ ആണ് വികാരി. കുടിയിറക്കിനെതിരെയുള്ള സമരങ്ങളില്‍ അച്ചനും നേതൃനിരയിലുണ്ടെന്ന് അവര്‍ പറഞ്ഞു.
അച്ചന്റെ പേരു കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ ലഡ്ഡുപൊട്ടി. ഈ അച്ചന്‍ പുല്ലൂരാംപാറയില്‍ തറവാട് വീട്ടിനടുത്ത് എന്റെ അയല്‍ക്കാരനാണല്ലോ! അച്ചന്‍ ഊട്ടി രൂപതയില്‍ സേവനം ചെയ്യുകയാണെന്ന് അറിയാമെങ്കിലും ദേവാല പള്ളി വികാരിയാണെന്ന് വിവരം അറിയില്ലായിരുന്നു.
എന്തായാലും രാത്രി തങ്ങാന്‍ ഒരു താവളമായി. പള്ളിമേടയില്‍ പോയി അച്ചനെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്ന് അച്ചന് അത്ഭുതം. ഞാന്‍ കുടിയിറക്ക് റിപ്പോര്‍ട്ടിങ്ങിന് ചാടിപ്പുറപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ അച്ചന്‍ ചിരിച്ചു. കര്‍ഷകരുടെ സ്ഥിതി വളരെ കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അച്ചന്‍ തന്ന പുതപ്പിനടിയില്‍ അന്ന് സുഖമായി ഉറങ്ങി. അതിരാവിലെ ബസു കയറി ഗൂഡല്ലൂരിലെത്തി.
ഗൂഡല്ലൂരില്‍ ശ്മശാന മൂകത. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും റൂട്ട് മാര്‍ച്ച്് നടത്തുന്നു. മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. പത്രം ഏജന്റ് സ്റ്റേഷനറി കട തുറന്നു വച്ചിട്ടുണ്ട്. പക്ഷേ ആരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നില്ല. എല്ലാവരും പേടിച്ചിരിക്കുന്നു. അവിടെ സ്റ്റുഡിയോയിലുള്ള ഒരു ഫോട്ടോ ഗ്രാഫറെയും കൂട്ടി ടാക്സിയില്‍ ഗൂഡല്ലൂര്‍ പരിസരത്തുള്ള മച്ചിക്കൊല്ലിയിലും, മറ്റ് കുടിയേറ്റ ഗ്രാമങ്ങളിലും പോയി. സകല വിളകളും വെട്ടി നശിപ്പിച്ചിരിക്കുന്നു. പുല്ലുമേഞ്ഞ കുടിലുകള്‍ക്കെല്ലാം തീയിട്ടിരിക്കുന്നു. ഫോട്ടോ എടുക്കുമ്പോള്‍ വനം വകുപ്പുകാര്‍ തടയാന്‍ ശ്രമിച്ചു. എങ്കിലും കുറച്ചു ഫോട്ടോകള്‍ കിട്ടി.
ഒരു രാജ്യത്തെ മറ്റൊരു രാജ്യം കീഴടക്കി അധികാരം കാണിക്കാന്‍ ശക്തി പ്രകടനം നടത്തുന്ന രീതിയിലാണ് അന്ന് റവന്യു ഉദ്യോഗസ്ഥരും, പൊലീസും വനംവകുപ്പും ഗൂഡല്ലൂരില്‍ അഴിഞ്ഞാടിയത്.
വാര്‍ത്ത എഴുതി ഫോണില്‍ കൊടുക്കാന്‍ നോക്കുമ്പോള്‍ ലൈന്‍ കിട്ടുന്നില്ല. അവസാനം വളരെകൂടിയ നിരക്കുള്ള ലൈറ്റ്നിങ് കോള്‍ ബുക്ക് ചെയ്ത് തൃശൂര്‍ ഓഫീസിലേക്ക് വിളിച്ചു. അന്ന് തൃശൂര്‍ ഓഫീസില്‍ ഡെസ്‌ക്കില്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഞാന്‍ എങ്ങനെ ഗൂഡല്ലൂരിലെത്തി എന്ന് ന്യൂസ് എഡിറ്റര്‍ക്ക് അത്ഭുതം. ഗൂഡല്ലൂര്‍ കുടിയിറക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് എന്നോട് മതിപ്പുതോന്നി.
ടെലഫോണ്‍ ചാര്‍ജ്ജ് 318 രൂപയായി. മൊബൈലില്‍ കൂടി വാര്‍ത്തയും പടവും കൊടുക്കുന്ന ഇക്കാലത്ത് പത്ര പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അന്ന് വാര്‍ത്ത ശേഖരിക്കാനും അത് ഓഫീസിലെത്തിക്കാനുമുള്ള ക്ലേശവും സാമ്പത്തിക ചെലവും യക്ഷിക്കഥകള്‍പോലെ അവിശ്വസനീയമായി തോന്നിയേക്കാം.
അടുത്ത ദിവസം കുടിയിറക്ക് വാര്‍ത്ത ഒന്നാം പേജില്‍ ഗംഭീരമായി അച്ചടിച്ചു വന്നു. മറ്റൊരു പത്രത്തിലും വാര്‍ത്തയില്ല. ദീപിക കണ്ടാണ് ഗൂഡല്ലൂരില്‍ കിടിയിറക്ക് നടക്കുന്നതായി പുറംലോകം അറിയുന്നത്. അതോടെ എല്ലാ പത്രങ്ങളുടേയും പ്രതിനിധികളും ഫോട്ടോഗ്രാഫര്‍മാരും ഗൂഡല്ലൂരിലെത്തി.
അടുത്ത ദിവസം വാര്‍ത്ത തേടിയിറങ്ങി ആര്‍.ഡി.ഒ ഓഫീസിനടുത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു ബഹളം. ആളുകള്‍ ഓടുന്നു. ബഹളം കേട്ട സ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ ഒരു മനുഷ്യന്‍ നിന്നു കത്തുന്നു. പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തിയതാണ്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാം ഓടിയെത്തി തീ കെടുത്താന്‍ ശ്രമിക്കുന്നു.പക്ഷേ ഫലമുണ്ടായില്ല. അദ്ദേഹം മരിച്ചു.
കര്‍ഷകനും നാടക കലാകാരനുമായ ലൂയിസാണ് കുടിയിറക്കുന്നതിനെതിരെ സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ചത്. കോഴിക്കോട് ആകാശവാണിയിലെ നാടകങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്.
ലൂയീസിന്റെ ബലിദാനം നാടിനെ പിടിച്ചു കുലുക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്‍ ഗൂഡല്ലൂരിലെത്തി. കുടിയിറക്ക് നിര്‍ത്തിവച്ചു.
തല്‍ക്കാലം ഭൂമി പ്രശ്നം കെട്ടടങ്ങിയെങ്കിലും ഗൂഡല്ലൂരിലെ കര്‍ഷകരുടെ സ്ഥിതി കഷ്ടമാണ്. ഭൂമിക്ക് അവകാശം ലഭിക്കാതെ ഇന്നും അവര്‍ നട്ടം തിരിയുന്നു. മലപ്പുറം ജില്ലയില്‍ നിന്നും കോട്ടയം ഭാഗത്തു നിന്നും കുടിയേറിയ കര്‍ഷകരാണ് ഇവിടെയുള്ളത്.
1877 വരെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ഗൂഡല്ലൂര്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള പ്രദേശം ബ്രിട്ടീഷുകാര്‍ക്ക് മലബാര്‍ ജില്ലയായിരുന്നു. മലബാര്‍ ജില്ല വളരെ വലുതെന്നു പറഞ്ഞാണ് 1877ല്‍ ബ്രിട്ടീഷുകാര്‍ ഗൂഡല്ലൂര്‍ പ്രദേശം നീലഗിരി ജില്ലയുടെ ഭാഗമാക്കിയത്.കേരള സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഗൂഡല്ലൂര്‍ നീലഗിരിയുടെ ജില്ലയുടെ ഭാഗമായതിനാല്‍ തമിഴ്നാട്ടിലേക്ക് പോയി. പണ്ട് നിലമ്പൂര്‍ കോവിലകം വക ഭൂമിയാണ് ഗൂഡല്ലൂര്‍ പ്രദേശം. ഇവിടെ കൃഷിയും വ്യാപാരവുമായികഴിയുന്നവര്‍ മലയാളികളും. അന്ന് തമിഴര്‍ വളരെ കുറച്ചേയുള്ളൂ. പിന്നീട് മലയാളികളുടെ സ്വാധീനം കുറയ്ക്കാന്‍ തമിഴ്നാട് ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളെ ഇവിടെ കുടിയിരുത്തി. 1969ലെ എസ്റ്റേറ്റ് ജന്മം ആക്ട് പ്രകാരവും സെക്ഷന്‍ 17 പ്രകാരവും ജന്മി പാട്ടത്തിനോ മറ്റെന്തെങ്കിലും പേരിലോ കൊടുത്ത ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയും. വില്‍ക്കാനോ പണയത്തിനോ പാട്ടത്തിനോ സര്‍ക്കാര്‍ അനുമതി വേണം.
അതിനാല്‍ ഗൂഡല്ലൂരിലെ ഭൂമി പ്രശ്നം കീറാമുട്ടിയായി തുടരുന്നു. അതുകൊണ്ടാണ് മറ്റു പ്രദേശങ്ങളിലെ വികസന വേഗം ഗൂഡല്ലൂരിന് എത്തിപ്പിടിക്കാന്‍ കഴിയാത്തത്. പഴമയുടെ മുഖമാണ് ഇന്നും ഗൂഡല്ലൂരിന്.
മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.
