മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി തുടരാം. തെരഞ്ഞെടുപ്പ് വിജയം ചേദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികെ.പി.മുഹമ്മദ് മുസ്തഫ നല്‍കിയ ഹരജിയിലാണ് വിധി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതെന്നുമായിരുന്നു കെ.പി മുഹമ്മദ് മുസ്തഫയുടെ വാദം. 38 വോട്ടുകള്‍ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം വിജയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ചില ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു മുസ്തഫയുടെ വാദം.
