ഹര്‍ഷിനക്ക് നീതി ലഭിക്കാതെ സമരത്തില്‍ നിന്നൊരു തിരിച്ചുപോക്ക് ഇല്ല: സി.ആര്‍ നീലകണ്ഠന്‍

ഹര്‍ഷിനക്ക് നീതി ലഭിക്കാതെ സമരത്തില്‍ നിന്നൊരു തിരിച്ചുപോക്ക് ഇല്ല: സി.ആര്‍ നീലകണ്ഠന്‍

കോഴിക്കോട്: ഹര്‍ഷിനക്ക് നീതിയെന്ന ലക്ഷ്യം കാണാതെ സമരത്തില്‍ നിന്നൊരു തിരിച്ചുപോക്ക് ഇല്ലെന്ന് സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിന് മുന്നില്‍ ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 78ാം ദിവസം സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍ഷിനക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. തെറ്റുപറ്റിയത് എവിടെയാണെന്ന് പോലിസിനും ആരോഗ്യ വകുപ്പിനും അറിയാം. എന്നിട്ടും നീതി ലഭ്യമാക്കാത്ത നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിനു യോജിച്ചതല്ല. മന്ത്രി ഉറപ്പുനല്‍കിയപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നു. സംഭവിക്കുമ്പോള്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കുറ്റം ആവര്‍ത്തിക്കാതിരിക്കാനാണ് ശിക്ഷ നല്‍കുന്നത്. ഒത്തുകളികള്‍ തുടരുന്നത് കൊണ്ടാണ് നീതി വൈകുന്നത്. റേഡിയോളജിസ്റ്റില്ലാത്തതുകൊണ്ട് മെഡിക്കല്‍ ബോര്‍ഡ് ചേരാന്‍ വൈകിയത് ആരോഗ്യ മേഖലയുടെ ദുരവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.വി രാജന്‍, നദി സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കല്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ മഠത്തില്‍ അബ്ദുല്‍ അസീസ്, പി.കെ ശശിധരന്‍, സജീവന്‍, ഡല്‍ഹി കേളപ്പന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.രാമചന്ദ്രന്‍, എം.ടി സേതുമാധവന്‍, ഇ.പി അന്‍വര്‍ സാദത്ത്, മാത്യു ദേവഗിരി, എം.വി അബ്ദുല്ലത്തീഫ്, എം.പി വേലായുധന്‍, ജുമൈല നന്മണ്ട, പി.ടി സന്തോഷ് കുമാര്‍, മനോജ് മേലാര്‍ പൊയില്‍, കെ.ഇ ഷബീര്‍, എം.പി ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *