കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം പുരസ്‌കാരം റദ്ദാക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു.
അവാര്‍ഡ് നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാരന്റെ സിനിമയും സംവിധായകന്‍ വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാര്‍ഡ് നിര്‍ണയത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും ഇവയൊക്കെ തഴയപ്പെട്ടതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഈ മാസം 17ന് അവാര്‍ഡ് വിതരണം നടക്കുന്നതിന് മുന്‍പായി ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അനുവദിച്ചു. അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
