ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജയിലിലായ ആം ആദ്മി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉൾപ്പടെ കുറ്റാരോപിതരുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. എല്ലാ പ്രതികളുടേതും ഉൾപ്പെടെ 52 കോടിയിലധികം വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്.
സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള സ്ഥലങ്ങളും ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പതിനൊന്നു ലക്ഷം രൂപയുമാണ് ഇ.ഡി. പിടിച്ചെടുത്തു.
മദ്യനയ കേസിൽ കുറ്റാരോപിതരായ അമൻദീപ് സിങ് ധാൾ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് ഡൽഹി വ്യവസായിയായ ദിനേഷ് അറോറയെ ഇ.ഡി. അറസ്റ്റു ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ നീക്കം. മദ്യനയക്കേസിൽ ഫെബ്രുവരി 26-നാണ് സിസോദിയ അറസ്റ്റിലാകുന്നത്.
മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 26-ന് സിസോദിയ അറസ്റ്റിലാകുന്നത്. സിസോദിയ ഉൾപ്പെടെ 15 പേരാണ് കേസിലുൾപ്പെട്ടിരിക്കുന്നത്.
