ലൈംഗികാരോപണ കേസില്‍ അന്വേഷണസംഘം ബ്രിജ് ഭൂഷണിന്റെ വീട്ടില്‍; ബന്ധുക്കളുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി

ലൈംഗികാരോപണ കേസില്‍ അന്വേഷണസംഘം ബ്രിജ് ഭൂഷണിന്റെ വീട്ടില്‍; ബന്ധുക്കളുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി

ലക്‌നൗ: ലൈംഗികാരോപണ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിന്റെ വീട്ടിലെത്തി ഡല്‍ഹി പോലിസ്. ബ്രിജ് ഭൂഷണിനെതിരായ പരാതികളില്‍ മൊഴി രേഖപ്പെടുത്താനാണ് ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള വസതിയില്‍ പ്രത്യേക അന്വേഷണസംഘം എത്തിയത്. 12 പേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണത്തിനായി ഇവരുടെ തിരിച്ചറിയല്‍ രേഖകളും പോലിസ് ശേഖരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവിന്റെ പരാതിയില്‍ ഏപ്രില്‍ 28ന് ബ്രിജ് ഭൂഷണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം തുടങ്ങിയ ആരോപണങ്ങളാണുള്ളത്. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍, ഭാവിയില്‍ നേട്ടമുണ്ടാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞതായും താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരുന്നു. സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതോടെ സമരത്തില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാര്‍ത്ത നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി. ജോലിയില്‍ തിരികെ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും സമരം അവസാനിപ്പിച്ചിട്ടില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *