കഖോവ്ക അണക്കെട്ട് റഷ്യ തകര്‍ത്തുവെന്ന് ഉക്രെയ്ന്‍, നിഷേധിച്ച് റഷ്യ

കഖോവ്ക അണക്കെട്ട് റഷ്യ തകര്‍ത്തുവെന്ന് ഉക്രെയ്ന്‍, നിഷേധിച്ച് റഷ്യ

കീവ്: തെക്കന്‍ യുക്രെയ്‌നിലെ പ്രധാന അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനുമായ കഖോവ്ക അണക്കെട്ട് റഷ്യ തകര്‍ത്തുന്നവെന്ന് ഉക്രെയ്ന്‍. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും ഉക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഉക്രെയ്‌ന്റെ ആരോപണങ്ങള്‍ തള്ളി റഷ്യ. തര്‍ക്ക പ്രദേശത്തെ ഉക്രെയ്ന്‍ സൈനിക ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതാണ് അണക്കെട്ട് തകരാന്‍ കാരണമെന്ന് തിരിച്ചടിച്ചു.

തെരുവുകളില്‍ വെള്ളം കയറുകയും വീടുകള്‍ മുങ്ങാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലിനെ തുടര്‍ന്ന് പുഴയുടെ തീരത്തുള്ള 10 ഗ്രാമങ്ങളിലുള്ളവര്‍ അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് ആവശ്യമായ ജലവിതരണം നടത്തുന്ന ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായും ക്രിമിയയിലെ തെക്കുഭാഗത്തേക്കുള്ള കുടിവെള്ള വിതരണം താറുമാറാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അണക്കെട്ട് പൊട്ടിയത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷ്യ ആണവ നിലയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉക്രെയ്‌ന്റെ ആണവ ഓപ്പറേറ്റര്‍ എനര്‍ജിയോട്ടം പ്രസ്താവനയില്‍ പറഞ്ഞു. വടക്കന്‍ ക്രിമിയയിലെ ജലവിതരണത്തെയാകും കൂടുതലായി ബാധിക്കുകയെന്ന് ഉക്രെയ്‌നിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്ന സംഘടനയായ ഉക്രെയ്ന്‍ വാര്‍ എന്‍വയോണ്‍മെന്റ് ഇംപാക്റ്റ്‌സ് വര്‍ക്കിങ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
അണക്കെട്ട് തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെയാണ് അണക്കെട്ട് തകര്‍ന്ന് വെള്ളം ഒഴുകുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. 1956ലാണ് 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്ക് കുറുകെ നിര്‍മിച്ചത്. ബെലാറസുമായുള്ള വടക്കന്‍ അതിര്‍ത്തി മുതല്‍ കരിങ്കടല്‍ വരെ നീളുന്ന ഡിനിപ്രോ നദിയിലെ ആറ് ഡാമുകളില്‍ അഞ്ചെണ്ണം യുക്രെയ്‌നിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍, അകലെയുള്ള കഖോവ്ക 2014 മുതല്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *