അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മൈക്ക് പെന്‍സ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മൈക്ക് പെന്‍സ്

വാഷിങ്ടണ്‍: 2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ബുധനാഴ്ച അയോവയിലെ ഡെമോയിനില്‍ വച്ച് പെന്‍സ് തന്റെ സ്ഥാനാര്‍ത്ഥിത്വം പരസ്യമായി പ്രഖ്യാപിക്കുമെന്ന് അമേരിക്ക ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മൈക്ക് പെന്‍സ് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് കഴിഞ്ഞയാഴ്ച സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ മത്സരത്തില്‍ ട്രംപ് ഏറെ മുന്നിലാണെന്നാണ് ചില സര്‍വേകള്‍ സൂചിപ്പിക്കുന്നത്. മിക്ക അഭിപ്രായ വോട്ടെടുപ്പുകളും കാണിക്കുന്നത് പെന്‍സ് മൂന്നാം സ്ഥാനത്താണെന്നാണ്. അതേസമയം, പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം പെന്‍സ് ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ 2021വരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴിലായിരുന്നു പെന്‍സ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ഇന്‍ഡ്യാന മുന്‍ ഗവര്‍ണറായിരുന്ന പെന്‍സ് 2020 വരെ ട്രംപിന്റെ വിശ്വസ്തനായിരുന്നു. എന്നാല്‍, യുഎസ് ക്യാപിറ്റോള്‍ കലാപത്തോടെയാണ് ട്രംപുമായി പെന്‍സ് അകലുന്നത്. ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത് തടയാനുള്ള അധികാരം പ്രയോഗിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്ന് പെന്‍സ് വെളിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ആവശ്യം താന്‍ നിഷേധിച്ചതായും പെന്‍സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്രംപ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. പെന്‍സിന് പുറമെ ന്യൂജേഴ്സി മുന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയും മത്സര രംഗത്തുണ്ട്. പാര്‍ട്ടിയില്‍ ട്രംപിന്റെ മുഖ്യ എതിരാളിയും ഫ്‌ളോറിഡ ഗവര്‍ണറുമായ റോണ്‍ ഡിസാന്റിസ് കഴിഞ്ഞ മാസം അവസാനം മുതല്‍ പ്രചാരണം ആരംഭിച്ചിരുന്നു. സൗത്ത് കാരലൈന മുന്‍ ഗവര്‍ണറും യു.എന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ നിക്കി ഹേലി, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബര്‍ഗം സെനറ്റര്‍ ടിം സ്‌കോട്ട്, ആര്‍ക്കന്‍സോ ഗവര്‍ണര്‍ എയ്സ ഹച്ചിന്‍സണ്‍, ടെക് സംരംഭകനും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവര്‍ ട്രംപിനെതിരെ മത്സര രംഗത്തുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *