പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു, പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ ബന്ധത്തിന് തെളിവെന്ത്‌; പി. രാജീവ്

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു, പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ ബന്ധത്തിന് തെളിവെന്ത്‌; പി. രാജീവ്

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി പി.രാജീവ്. വിവാദങ്ങളിലൂടെ പ്രതിപക്ഷം വെറും പുകമറമാത്രം സൃഷ്ടിക്കുകയാണ്. സര്‍ക്കാര്‍ ഒരു രൂപ പോലും ഈ പദ്ധതിക്കായി ചിലവഴിച്ചിട്ടില്ല. 256 കോടിയുടെ കരാര്‍ തുക എന്നത് ക്യാമറക്ക് മാത്രമല്ല. ഡാറ്റാ ഓപ്പറേറ്റര്‍ മറ്റു സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയ 146 ഓളം വരുന്ന ജീവനക്കാരുടെ അഞ്ചുവര്‍ഷത്തെ ശമ്പളംവും ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്ക് പോസ്റ്റ് വഴി നോട്ടീസ് നല്‍കുന്നതിനുള്ള ചെലവ്, നികുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിബില്‍ എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെന്നും മാധ്യമങ്ങളോട് രാജീവ് പറഞ്ഞു.

ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്തെന്ന് വ്യവസായ മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധം എന്ന് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ല. പുറത്തുവന്നത് അപ്രധാനമായ രേഖകള്‍ മാത്രമാണ്. പ്രകാശ് ബാബുവിന്റെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് പ്രസാഡിയോ പണം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്ത് വന്നതെന്നും മന്ത്രി പരിഹസിച്ചു. ഈ ബന്ധം വച്ച് മുഖ്യമന്ത്രി എന്ത് പ്രതികരിക്കാനാണെന്നും പി രാജീവ് ചോദിച്ചു. ടെന്‍ഡറില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ പോവുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *