ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി ദ്രൗപതി മുര്‍മു തള്ളി. 2008 ല്‍ നാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വസന്ത സമ്പത്ത് ദുപാരെ എന്ന അറുപത്തിഒന്നുകാരന്റെ ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം മുര്‍മു തള്ളുന്ന ആദ്യത്തെ ദയാഹര്‍ജിയാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ ലഭിച്ചതിനു പിന്നാലെയാണ് ദുപാരെയുടെ ഹര്‍ജി രാഷ്ട്രപതി തള്ളിയത്.
വധശിക്ഷയ്‌ക്കെതിരേ പ്രതി ദുപാരെ നല്‍കിയ പുന പരിശോധനാഹര്‍ജി 2017 ല്‍ മെയില്‍ സുപ്രീം കോടതി തള്ളിയിരുന്നു. നാലുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ രീതിയും മറ്റ് സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ പ്രതി വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. നാലു വയസ്സുകാരിയെ അയല്‍വാസിയായ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് കല്ലുകള്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വിചാരണക്കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും ഉത്തരവുകള്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
