ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ശൗഖി അല്ലാം കേരളത്തില്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായുള്ള കൂടികാഴ്ച്ച ഇന്ന്

ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ശൗഖി അല്ലാം കേരളത്തില്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായുള്ള കൂടികാഴ്ച്ച ഇന്ന്

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായുള്ള കൂടിക്കാഴ്ച്ചക്കും മര്‍കസ്, ജാമിഉല്‍ ഫുതൂഹ് സന്ദര്‍ശനങ്ങള്‍ക്കുമായി ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ശൗഖി അല്ലാം കേരളത്തിലെത്തി. കഴിഞ്ഞദിവസം രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി ആറു ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തിയ ശൗഖി അല്ലാം ഇന്ന് ജാമിഉല്‍ ഫുതൂഹില്‍ ജുമുഅക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് വിശ്വാസികളെ സംബോധന ചെയ്ത് സംസാരിക്കും. നോളജ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാരംഭത്തിന് തുടക്കമിടുകയും വിവിധ സംരംഭങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. വൈകുന്നേരം കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന സ്വീകരണ സംഗമത്തില്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവദിക്കും. ശേഷം ജാമിഅ മര്‍കസ് കുല്ലിയ്യകള്‍ സന്ദര്‍ശിക്കുകയും വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായുള്ള കൂടിക്കാഴ്ചയില്‍ സൗഹൃദം പങ്കുവെക്കുകയും തീവ്രവാദത്തിനും സംഘര്‍ഷങ്ങള്‍ക്കും എതിരായി മുസ്ലിം സമൂഹം സ്വീകരിക്കേണ്ട നയനിലപാടുകള്‍ ചര്‍ച്ചചെയ്യുകയുമുണ്ടാകും. മത തീവ്രവാദത്തിനെതിരെ ഗ്രാന്‍ഡ് മുഫ്തി നേത്വത്വം നല്‍കുന്ന ഈജിപ്ഷ്യന്‍ ഫത്വാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കൈറോയില്‍ നടന്ന ആഗോള പണ്ഡിത സെമിനാറിലെ ക്ഷണിതാവും വിഷയാവതാരകനുമായിരുന്നു കാന്തപുരം. മുന്‍ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅയുമായും കാന്തപുരം ഊഷ്മള ബന്ധം പുലര്‍ത്തുന്നു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ വിനിമയ ബന്ധങ്ങള്‍ ത്വരിതപ്പെടാനും തീവ്രവാദ സംഘങ്ങള്‍ക്കെതിരെ പണ്ഡിത നേതൃത്വങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം ശക്തിപ്പെടാനും ഇരു ഗ്രാന്‍ഡ് മുഫ്തിമാരുടെ കൂടിക്കാഴ്ച ഫലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *