തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തില്‍ അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം.ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനില്‍ അക്കര ആരോപിക്കുന്നത്.
മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, മുന്‍ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്. യോഗത്തില്‍ പങ്കെടുത്തത് കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനില്‍ അക്കര ആരോപിച്ചു.
