തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റ് അവതരണം ഇന്ന്. കടമെടുത്ത് കാര്യങ്ങള്‍ നടത്തുന്നു എന്ന കടുത്ത വിമര്‍ശനവും കെടുകാര്യസ്ഥതയും ധൂര്‍ത്തും സാമ്പത്തിക അടിത്തറ തകര്‍ത്തെന്ന ആക്ഷേപവും നിലനില്‍ക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നേര്‍ ചിത്രമായിരിക്കും അവലോകന റിപ്പോര്‍ട്ട്.സാമ്പത്തിക പ്രതിസന്ധിയുള്ള സംസ്ഥാനത്തിന് വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ മുന്‍തൂക്കം. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ആണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.
ഭൂനികുതിയും ന്യായവിലയും കൂടും, ഭൂവിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിര്‍ദേശത്തിനും സാധ്യതയുണ്ട്. ഭൂമിയുടെ വിപണി വിലയിലുള്ള വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ വര്‍ധനവ് വരുത്താനാണ് നീക്കം. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവേറും, പിഴകള്‍ കൂട്ടും, കിഫ്ബി പ്രതിസന്ധിയിലായിരിക്കെ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കും. മദ്യവില, ക്ഷേമ പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിക്കില്ല. എല്‍.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍. കെട്ടിട നികുതി. സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയിലെല്ലാം വര്‍ധനവ് വന്നേക്കും.
ഡാമുകളില്‍ നിന്നുള്ള മണല്‍ വാരലും കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്.
സില്‍വര്‍ ലൈനും കെ ഫോണും അടക്കം ഫ്‌ളാഗ്ഷിപ്പ് പദ്ധതികള്‍ എങ്ങുമില്ലാത്തിടത്ത് നില്‍ക്കുന്ന അവസ്ഥയാണ്. തോട്ടങ്ങളിലെ പഴവര്‍ഗ കൃഷി, കിഴങ്ങുവര്‍ഗങ്ങളില്‍ നിന്ന് സ്പിരിറ്റ് , 50 കോടി നീക്കി വച്ച വര്‍ക്ക് നിയര്‍ ഹോം തുടങ്ങി കഴിഞ്ഞ ബജറ്റിലെ പദ്ധതികളൊന്നും പച്ചതൊട്ടിട്ടില്ല. കോവളം-ബേക്കല്‍ ജലപാത ഇഴയുകയാണ്. പെന്‍ഷന്‍ പ്രായം കൂട്ടില്ല, പ്രഫഷണല്‍ ടാക്‌സ് വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് .നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. മദ്യത്തിന്റെ വിറ്റുവരവ് നികുതി കുറച്ചുനാളുകള്‍ക്കു മുമ്പ് വര്‍ധിപ്പിച്ചത് കൊണ്ട് ബജറ്റില്‍ മദ്യവില കൂടാന്‍ സാധ്യതയില്ല.
അതിനിടെ ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ അവസാനിക്കും. ചര്‍ച്ചയില്‍ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കും. ഗവര്‍ണര്‍ സര്‍ക്കാര്‍ ഒത്തുകളി എന്ന പ്രതിപക്ഷ ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.
