പോപുലര്‍ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത് ജപ്തി ചെയ്തു; പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി

പോപുലര്‍ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത് ജപ്തി ചെയ്തു; പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാര്‍ നടത്തിയ ജപ്തിയില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത് ജപ്തി ചെയ്തിരുന്നു. ഈ നടപടി പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധ്യമായതോടെ നടപടികള്‍ നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദേശം.
മിന്നല്‍ ഹര്‍ത്താലില്‍ 5.20 ലക്ഷം രൂപയുടെ പൊതു മുതല്‍ നഷ്ടം ഈടാക്കാനാണ് പി.എഫ്.ഐ ഭാരവാഹികളുടെ ആസ്തി വകകള്‍ കണ്ട് കെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളില്‍ മെല്ലപ്പോക്ക് നടത്തിയ സര്‍ക്കാര്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിലാണ് വ്യാപക പരാതിയും ഉയര്‍ന്നത്. ഹര്‍ത്താല്‍ നടക്കുന്നതിന് മുന്‍പ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി. ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാരും സമ്മതിച്ചു. ജനുവരി 18ന് അടിയന്തര നടപടിക്ക് ഹൈകോടതി നിര്‍ദ്ദേശിച്ചതിനാല്‍ വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കി.
രജിസ്‌ട്രേഷന്‍ ഐ.ജിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ നടപടികള്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് പേര്, വിലാസം, സര്‍വ്വേ നമ്പര്‍ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്. പി.എഫ്.ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും പോലിസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ തെറ്റായ നടപടികള്‍ പിന്‍വലിക്കണമെന്ന് കേസില്‍ കക്ഷി ചേരാനെത്തിയ മലപ്പുറത്തെ യൂസഫ് അടക്കമുള്ളവര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് 18 പേരെ പട്ടികയില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തെറ്റായി പട്ടികയില്‍ വന്നവരുടെ വിശദാംശം അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതിനിടെ റസ്റ്റ് ഹൗസിലൊരുക്കിയ താല്‍ക്കാലിക സൗകര്യങ്ങളില്‍ ക്ലെയിം കമ്മീഷണര്‍ അതൃപ്തി അറിയിച്ചു. ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 20 ന് വീണ്ടും പരിഗണിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *