കോഴിക്കോട്: ഡോ.കെ.എസ്.പ്രകാശം ഡോക്ടർമാർക്ക് മഹനീയ മാതൃകയായിരുന്നുവെന്നും, തന്റെ മുമ്പിലെത്തുന്ന രോഗികളുടെ വൈഷമ്യമകറ്റാൻ അദ്ദേഹം സ്വീകരിച്ച വഴികൾ പുതുതലമുറ ഡോക്ടർമാർ സ്വായത്തമാക്കണമെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലെന്ന നിലയിൽ സ്ഥാപനത്തിന്റെ വളർച്ചക്ക് അദ്ദേഹം നൽകിയ സേവനം എന്നും സ്മരിക്കപ്പെടുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.കെ.എസ് പ്രകാശത്തിന്റെ 30-ാം ചരമ വാർഷികത്തിൽ അനുസ്മരണ സമിതി അളകാപുരിയിൽ സംഘടിപ്പിച്ച ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഹോമിയോ മെഡിക്കൽ കോളേജുകളിൽ നിന്ന് കഴിഞ്ഞ വർഷം ബി എച്ച് എം എസിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്ക് നൽകുന്ന ഡോ.കെ.എസ് പ്രകാശം സ്മാരക സ്വർണ്ണപ്പതക്ക മെഡൽ ആൻസി സാജിന് ബിനോയ് വിശ്വം സമ്മാനിച്ചു. ബി.വേണുഗോപാൽ, ഡോ.സത്യകോശ്, ഡോ.പ്രിയലക്ഷ്മി പ്രകാശ്, ഡോ.രാജ് പ്രകാശ്, മുഹമ്മദ് അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. ഹോമിയോപ്പതി നേരിടുന്ന വെല്ലുവിളികളും, ചെറുത്ത് നിൽപ്പുകളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ.പി.സന്തോഷ് കുമാർ, ഡോ.വിദ്യാലക്ഷ്മിപ്രകാശ്, ഡോ.എം.ജി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
