സിമന്റ് വില കുറയ്ക്കണം, സമരം ശക്തമാക്കും: സി.ഡബ്ല്യു.എസ്.എ

സിമന്റ് വില കുറയ്ക്കണം, സമരം ശക്തമാക്കും: സി.ഡബ്ല്യു.എസ്.എ

കോഴിക്കോട്: യാതൊരു മാനദണ്ഡവും പാലിക്കാതെ സിമന്റ് വില കുത്തനെ വര്‍ധിപ്പിക്കുന്ന കുത്തക കമ്പനികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സിമന്റ് വിപണി നിശ്ചലമാക്കി സമരം സംഘടിപ്പിക്കുമെന്ന് കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്‌സ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഒരാഴ്ചകൊണ്ട് ഒരു ചാക്ക് സിമന്റിന് 40 രൂപ മുതല്‍ 70 രൂപവരെ വിലയാണ് കൂട്ടിയത്. നിര്‍മാണ മേഖലയിലെ അനുബന്ധ ഉല്‍പ്പന്നങ്ങളായ കമ്പി, എം.സാന്റ്, മെറ്റല്‍ എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. വിലക്കയറ്റംകൊണ്ട് നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ 30 ലക്ഷവും 30 ലക്ഷം തദ്ദേശീയരായ തൊഴിലാളികളും പണിയെടുക്കുന്ന മേഖലയാണിത്.

സംസ്ഥാനത്ത് പ്രതിദിനം ഒന്നരലക്ഷം ടണ്‍ സിമന്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യകമ്പനികള്‍ സിമന്റിന് അന്യായമായി വില കൂട്ടുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സും ഇതിനനുസരിച്ച് വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. തമിഴ് നാട്ടില്‍ അമ്മ സിമന്റ് 200 രൂപക്കാണ് വിതരണം ചെയ്യുന്നത്. സാധാരണ ഇടത്തരംക്കാരുടെ ഭവനനിര്‍മാണമടക്കം വിലക്കയറ്റം വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

സംസ്ഥാന വ്യാപകമായാണ് സമരം നടത്തുന്നത്. ജില്ലയിലെ 24 മേഖല കമ്മിറ്റികളും ഇന്ന് പ്രകടനവും ധര്‍ണാസമരവും നടത്തും. നവംബര്‍ എട്ടിന് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. വര്‍ക്ക് സൈറ്റുകളില്‍ ഉണ്ടാകുന്ന അപകടത്തിന് സൈറ്റ് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ അംശാദയം അടച്ചവര്‍ക്ക് കഴിഞ്ഞ എട്ട് മാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് സന്തോഷ്‌കുമാര്‍ എം.എം, ജില്ലാസെക്രട്ടറി ശശിധരന്‍.വി.പി, ടി.കെ അബ്ബാസ് താമരശ്ശേരി, ബിനീഷ് കെ.പന്തീരങ്കാവ്, പി.കെ സജീവന്‍ മാങ്കാവ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *