കോഴിക്കോട്: സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ദീര്‍ഘകാല വീക്ഷണവും ആസൂത്രണത്തില്‍ സുതാര്യതയും ഉണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ‘പുതിയ കേരളം-കാഴ്ചപ്പാട്’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ആര്‍ജവം ഉണ്ടായിരിക്കണം. അതിനിടയില്‍ പ്രശ്‌നങ്ങളും പരിമിതികളും ഉണ്ടാകാം അതിനെയെല്ലാം അതിജീവിക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണം. ഇങ്ങനെ ആസൂത്രണമില്ലായ്മയിലാണ് മദ്യ നയവും കെ.റെയില്‍ പദ്ധതിയും പരാജയപ്പെട്ടതെന്ന് സതീശന്‍ വിശദീകരിച്ചു. വ്യാപാരികളും വ്യവസായികളും സര്‍ക്കാരിന്റെ ശത്രുക്കളല്ല മിത്രങ്ങളാണ്, കാരണം ഇവര്‍ നികുതിദായകരാണ്. വ്യവസായം തുടങ്ങാന്‍ വരുന്നവരെ ശത്രുക്കളായി കാണരുത്, വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാകണം സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ക്രിയാത്മക പ്രതിപക്ഷത്തേക്കാള്‍ ഉപരി സര്‍ഗാത്മകമായ പ്രതിപക്ഷമായി ഒപ്പം ഉണ്ടാകുമെന്ന് സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയതില്‍ തെറ്റില്ല, എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ പോയതിനാല്‍ ഫലം ഉണ്ടാകണം, പോയത് എന്തിനെന്ന് ജനങ്ങളോട് പറയണമെന്നും സതീശന്‍ ആവര്‍ത്തിച്ചു. ചേംബര്‍ പ്രസിഡന്റ് റാഫി.പി ദേവസി അധ്യക്ഷത വഹിച്ചു. വിനീഷ് വിദ്യാധരന്‍ വിഷയവതരണം നടത്തി. ‘പുതിയ കേരളം- കാഴ്ചപ്പാട്’ സംബന്ധിച്ച് ചേംബര്‍ തയ്യാറാക്കിയ മെമ്മോറാണ്ടം ഡോ.കെ മൊയ്തു പ്രതിപക്ഷ നേതാവിന് കൈമാറി. ചേംബര്‍ മുന്‍ പ്രസിഡന്റ് മാരായ എം.മുസമ്മില്‍, സുബൈര്‍ കൊളക്കാടന്‍, ജോയിന്റ് സെക്രട്ടറി സി.പി അബ്ദുള്‍ റഷീദ്, ഡി.സി.സി അധ്യക്ഷന്‍ അഡ്വ.കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എം.കെ നാസര്‍ സ്വാഗതവും ട്രഷറര്‍ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.
