കോഴിക്കോട്: അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫറോക്ക് മുനിസിപ്പാലിറ്റിയിലെ പൈക്കുറ്റി ഐ.എച്.ഡി.പി കോളനിയില്‍ പൂര്‍ത്തീകരിച്ച വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന ഇടങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കുടിവെള്ളം, സാനിറ്റേഷന്‍, മാലിന്യ സംസ്കരണം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഈ വിഭാഗങ്ങളുടെ മാനവ വിഭവശേഷി, വികസനം, വരുമാനം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ പൂര്‍ണമായും പങ്കാളികളാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സാമൂഹ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു.
ഒരു കോടി രൂപ ചിലവിലാണ് കോളനിയില്‍ നവീകരണ പ്രവര്‍ത്തി സാധ്യമാക്കിയത്. പദ്ധതിയിലുള്‍പ്പെടുത്തി 12 ഫുട്പാത്തുകള്‍, ഒരു റോഡ്, 41 വീടുകള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന് എന്നിവയാണ് സജ്ജമാക്കിയത്. 43 പട്ടികജാതി കുടുംബങ്ങളും 15 മറ്റു വിഭാഗം കുടുംബങ്ങളുമാണ് കോളനിയില്‍ താമസിക്കുന്നത്.
ചടങ്ങില്‍ ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്മാന് എന്‍.സി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ കെ. കുമാരന്, ഇ. കെ താഹിറ, കൗണ്‍സിലര്‍മാരായ കെ.ഷൈനി, കെ.എം അഫ്സല്, പി.ഷീബ, കോളനി കണ്‍വീനര്‍ അനില്‍ കുമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാപട്ടികജാതി വികസന ഓഫിസര്‍ കെ.പി ഷാജി, നിര്‍മിതി കേന്ദ്രം അസിസ്റ്റന്റ് എന്‍ജിനിയര്‍ സീന തുടങ്ങിയവര്‍ പങ്കെടുത്തു.
