കൊച്ചി: ദേശീയപാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.ബി.ഐ കുറ്റപത്രം. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തിലാണ് ക്രമക്കേട് നടന്നതായി സി.ബി.ഐ കുറ്റപത്രം. ടാറിങ്ങിന് 22.5 സെ.മീറ്റര്‍ കനം ഉണ്ടാവേണ്ടിയിടത്ത് ഉള്ളത് 16 മുതല്‍ 18 സെ.മീറ്റര്‍ വരെ മാത്രമാണ് കനമുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബസ് ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും ക്രമക്കേട് നടന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയെ പ്രതി ചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചുത്. 2006- 12 കാലഘട്ടത്തില്‍ ദേശീയപാത നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, ദേശീയപാത ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തില്ല. ഇതിനായി പ്രോസിക്യൂഷന്‍ അനുമതി സി.ബി.ഐക്ക് കിട്ടിയില്ല. നിര്‍മാണത്തിന് ദേശീയപാത മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പത്തുദിവസം മുമ്പാണ് കുറ്റപത്രം നല്‍കിയത്.
സബ് കോണ്‍ട്രാക്റ്റിലൂടെയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് അറ്റകുറ്റപ്പണിക്ക് കരാര്‍ കിട്ടിയത്. 2028വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞത് വന്‍വിവാദമായിരുന്നു. ടാറിങ്ങിലടക്കം വീഴ്ചയുണ്ടായി. നിശ്ചിത നിലവാരത്തിലുളള കനം ടാറിങ്ങിലില്ല, അതിനാലാണ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞതെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 2020ല്‍ ആണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. റോഡ് ടാര്‍ ചെയ്തത് കനം കുറച്ചാണ്. റോഡ് ടാര്‍ ചെയ്യേണ്ടത് 22.5സെ.മീറ്റര്‍ കനത്തിലായിരുന്നു. എന്നാല്‍ ടാര്‍ ചെയ്തത് 17-18 സെ. മീറ്റര്‍ കനത്തില്‍ മാത്രമാണ്.സര്‍വീസ് റോഡുകളും മോശം നിലവാരത്തില്‍ നിര്‍മിച്ചു. അഴിമതിയില്‍ NHAI ഉന്നതോദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടെങ്കിലും, പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയില്ല.
