വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; ഇ.പി ജയരാജനെതിരേ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; ഇ.പി ജയരാജനെതിരേ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തനപുരം: വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചു. പ്രതികള്‍ കോടതിയിലോ പോലിസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനാണ് പ്രതികളുടെ നീക്കമെന്നും പിണറായി വിജയന്‍ ആരോപിച്ചു. ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് ഇ.പി ജയരാജന്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം പ്രതിഷേധം നടത്തിയതിന് വധശ്രമക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അടുത്ത് പോകുകയോ ചെയ്തിട്ടില്ല. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ ആണ് മുദ്രാവാക്യം വിളിച്ചത്. ആക്രോശിക്കുകയോ കയ്യില്‍ ആയുധം കരുതുകയോ ചെയ്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വധശ്രമം നിലനില്‍ക്കില്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *