- ചാലക്കര പുരുഷു
തലശ്ശേരി: നാട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് മണ്ണ് മാഫിയ തുരന്നെടുത്ത കുട്ടിമാക്കൂലിലെ അന്തോളി മല കാലവര്‍ഷം കനത്തതോടെ ഇടിഞ്ഞു. ഏക്കറുകളോളം വിസ്തൃതിയും ഉയരവുമുള്ള മൂഴിക്കരക്കുന്നിന്റെ ഭാഗമായ അന്തോളി മലയില്‍ കുട്ടിമാക്കൂല്‍ ഭാഗത്താണ് മണ്ണിടിഞ്ഞത്. കനത്ത മഴയില്‍ കുതിര്‍ന്ന കുന്ന് കഴിഞ്ഞ ദിവസമാണ് ഇടിയാന്‍ തുടങ്ങിയത്. ഉരുള്‍പൊട്ടലിന് സമാനമായി താഴേക്ക് ഇളകി മറിഞ്ഞെത്തിയ കല്ലും മണ്ണും ചെളിയും സമീപത്തെ ചാലില്‍ കോളനി റോഡിലാണ് എത്തിയത് ഇത് മൂലം ഗതാഗത തടസമുണ്ടായി. പിന്നീട് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നാണ് തടസം നീക്കിയത്.
മഴ ഇനിയും ശക്തിപ്പെട്ടാല്‍ കുന്നിന്റെ മറ്റു ഭാഗങ്ങളും ഇടിയുമെന്ന ആശങ്കയുണ്ട്. പരിസരത്തുള്ള ഒട്ടേറെ വീടുകള്‍ അപകട ഭീഷണിയിലാണ്. വിവരമറിഞ്ഞ് സബ്ബ് കലക്ടര്‍ അനുകുമാരി ഐ.എ.എസ്, നഗരസഭ ചെയര്‍പേഴ്സണ്‍ ജുമുനാ റാണി, വൈസ് ചെയര്മാന് വാഴയില്‍ ശശി, കൗണ്‍സിലര്‍മാരായ സി.സോമന്, കെ.ഭാര്ഗ്ഗവന്, വില്ലേജ് ഓഫീസര്‍ രാജേഷ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി. അപകടാവസ്ഥ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സബ്ബ് കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്ണ് മാഫിയ അന്തോളി മല ഇടിച്ച് മണ്ണ് കടത്തിക്കൊണ്ടിരിക്കുകയാണ്. ഇതാണ് മണ്ണിടിച്ചിലിന് വഴിവച്ചതെന്ന് കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. മണ്ണ് മാറ്റിയ ഭാഗം തട്ടുകളായി തിരിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
