ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ രാജിവച്ചത്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടിയതോടെ മന്ത്രിമാര്‍ രാജിവയ്ക്കുകയായിരുന്നു. പാര്‍ട്ടി ഗേറ്റ് വിവാദത്തോടെയായിരുന്നു ബോറിസിനെതിരേ പാളയത്തില്‍ പടയൊരുങ്ങിയത്. ലോക്ഡൗണ്‍ സമയത്ത് നിബന്ധനകളെല്ലാം ലംഘിച്ച് പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെതിരേ സ്വന്തം പാര്‍ട്ടിക്കാരും ബോറിസ് ജോണ്‍സണെതിരേ തിരിയുകയും അത് അവിശ്വാസപ്രമേയത്തിലെത്തുകയും ചെയ്തു. എന്നാല്‍, അവിശ്വാസപ്രമേയത്തില്‍ വിജയിച്ചെങ്കിലും അടുത്ത ചുവടും ബോറിസ് ജോണ്‍സണ് തെറ്റി.
ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചത്. ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവച്ച മന്ത്രിമാര്‍ പറഞ്ഞത്. ധാര്‍മികതയോടെ ഇനി മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ലെന്നതിനാലാണ് രാജി നല്‍കിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
