കോഴിക്കോട്: കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പ്രവാസി ക്ഷേമത്തിന് തുടർഭരണം’ എന്ന മുദ്രാവാക്യവുമായി, സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിന് ജില്ലാ സെക്രട്ടറി സി.വി.ഇഖ്ബാൽ നയിക്കുന്ന പ്രചാരണ ജാഥ 4 മുതൽ 6വരെ നടക്കും. തൊഴിൽ എക്‌സൈസ് വകുപ്പി മന്ത്രി ടി.പി.രാമകൃഷ്ണൻ ഫറോക്കിൽ ജാഥ ഉദ്ഘാടനം ചെയ്യും. വികെസി മമ്മദ് കോയ പരിപാടിയിൽ സന്നിഹിതനാകും. വിമലാ നാരായണൻ,, എം.ജോഹർ, എം.സുരേന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, കബീർ സലാല തുടങ്ങിയവർ ജാഥയിലെ അംഗങ്ങളായിരിക്കും.ആദ്യ ദിനത്തിൽ ഇടിയങ്ങര, കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരം, പുതിയങ്ങാടി, കക്കോടി, പൂവാട്ടു പറമ്പ്, മുക്കം കൊടുവള്ളി എന്നിവിടങ്ങളിലും, 6ാം തിയ്യതി പേരാമ്പ്ര, കൊയിലാണ്ടി, തിക്കോടി, തിരുവള്ളൂർ, ഓർക്കാട്ടേരി കല്ലാച്ചി, കുറ്റ്യാടി എന്നീകേന്ദ്രങ്ങളിലും പ്രചാരണം നടത്തും. സമാപന സമ്മേളനം പ്രവാസി സംഘം സംസ്ഥാന ട്രഷററും കേരള പ്രവാസി ക്ഷേമനിധി ഡയറക്ടറുമായ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. പ്രവാസി ക്ഷേമ പെൻഷൻ 500ൽ നിന്ന് 3500 ആയി ഉയർത്തിയതും, തിരികെയെത്തിയ പ്രവാസികൾക്കും, അവധിയിലെത്തി തിരിച്ചു പോകാൻ കഴിയാത്ത പ്രവാസികൾക്കും വിവിധങ്ങളായ ക്ഷേമ പദ്ധതികളിലൂടെ സർക്കാർ വലിയ നേട്ടങ്ങളാണ് നടപ്പിലാക്കിയതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
