‘ഇന്ത്യയുടെ മിസൈല്‍ മാന്റെ ടാറ്റ നാനോ ഇനി ഈ മ്യൂസിയത്തില്‍

‘ഇന്ത്യയുടെ മിസൈല്‍ മാന്റെ ടാറ്റ നാനോ ഇനി ഈ മ്യൂസിയത്തില്‍

‘ഇന്ത്യയുടെ മിസൈല്‍ മാന്റെ ടാറ്റ നാനോ ഇനി ഈ മ്യൂസിയത്തില്‍

ജനപ്രിയനായ രാഷ്ട്രപതിമാരിലൊരാളാണ് എ.പി.ജെ. അബ്ദുള്‍ കലാം. ‘ഇന്ത്യയുടെ മിസൈല്‍ മാന്‍’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, രാഷ്ട്രപതി എന്ന നിലയിലും ബഹിരാകാശ ശാസ്ത്രജ്ഞന്‍ എന്ന നിലയിലും നല്‍കിയ സംഭാവനകളിലൂടെയാണ് ശ്രദ്ധേയനായത്. ആരാലും വെറുക്കപ്പെടാത്ത വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, രാജ്യപുരോഗതി, ഇന്ത്യന്‍ യുവതയെ പ്രചോദിപ്പിക്കല്‍ എന്നിവയ്ക്കായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അടുത്തിടെ, മുന്‍ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട ഒരു ടാറ്റ നാനോ കാര്‍ എ.പി.ജെ. അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ ധര്‍മ്മസ്ഥല മ്യൂസിയത്തിന് കൈമാറിയിരുന്നു.

കലാം ഉപയോഗിച്ചിരുന്ന ഒരു പേനയ്ക്കൊപ്പമാണ് ഈ കാറും അടുത്തിടെ ധര്‍മ്മസ്ഥലയിലെ മഞ്ജുഷ മ്യൂസിയത്തിന് കൈമാറിയത്. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മ്യൂസിയത്തിലേക്ക് സംഭാവന നല്‍കിയ ഈ ടാറ്റ നാനോ മുന്‍ രാഷ്ട്രപതിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതായിരുന്നില്ല. ഓണ്‍ലൈനില്‍ പരിശോധിക്കുമ്പോള്‍, കലാമിന് ഒരിക്കലും സ്വന്തമായി ഒരു കാര്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രകള്‍ക്കായി അദ്ദേഹം കൂടുതലും ഔദ്യോഗിക വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്.

ധര്‍മ്മാധികാരി ഡി. വീരേന്ദ്ര ഹെഗ്ഡെയ്ക്കാണ് കാറും രേഖകളും കൈമാറിയത്. ‘ഇത് വെറുമൊരു കാറല്ല; ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ഒരു വ്യക്തിത്വവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ അമൂല്യമായ ഒരു ഏടാണ്. ഈ മഹത്തായ പൈതൃകം ഇനി ധര്‍മ്മസ്ഥലയിലെ മഞ്ജുഷ മ്യൂസിയത്തിന്റെ ഭാഗമാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വരുംതലമുറയ്ക്ക് പ്രചോദനത്തിന്റെ ഉറവിടമായി ഇത് ഇവിടെ സംരക്ഷിക്കപ്പെടും’ – വീരേന്ദ്ര ഹെഗ്ഡെ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അന്തരിച്ച രത്തന്‍ ടാറ്റയുടെ ആശയമായിരുന്നു ഈ കാര്‍. മഴയത്തും വഴുക്കലുള്ള റോഡുകളിലും മുതിര്‍ന്നവര്‍ക്കിടയില്‍ കുട്ടികളെയും ഇരുത്തി സ്‌കൂട്ടറുകളിലും മോട്ടോര്‍സൈക്കിളുകളിലും കുടുംബങ്ങള്‍ യാത്ര ചെയ്യുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ഇത്തരമൊരു ആശയം തോന്നിയത്. എന്നാല്‍, ‘വിലകുറഞ്ഞ കാര്‍’ എന്ന ലേബലും മോശം മാര്‍ക്കറ്റിങ്ങും തിരിച്ചടിയായതോടെ നാനോ വിപണിയില്‍ പരാജയപ്പെട്ടു.

1989-ല്‍ ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ സ്ഥാപിച്ച സ്വകാര്യ പൈതൃക-പുരാവസ്തു മ്യൂസിയമാണ് ധര്‍മ്മസ്ഥലയിലെ മഞ്ജുഷ മ്യൂസിയം. പതിറ്റാണ്ടുകളായി ശേഖരിച്ച പുരാവസ്തുക്കള്‍, ശില്‍പങ്ങള്‍, കൈയെഴുത്തുപ്രതികള്‍, നാണയങ്ങള്‍, ചരിത്രവസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ത്യന്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് എ.പി.ജെ. അബ്ദുള്‍ കലാം.

Share

Leave a Reply

Your email address will not be published. Required fields are marked *