പിഴിയും ബ്രോക്കര്‍മാര്‍; വീട് വാടകയ്ക്കെടുക്കുന്നവരില് നിന്ന് അമിത കമ്മീഷന് ഈടാക്കുന്നതായി പരാതി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട് വാടകയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്ന പ്രവാസികളില്‍ നിന്ന് ഇടനിലക്കാര്‍ അമിത കമ്മീഷന് ഈടാക്കുന്നതായി പരാതി. സാല്മിയയില് ഒരു മാസത്തെ വാടകയ്ക്ക് തുല്യമായ തുകയും അബ്ബാസിയയില്‍ 300 ദിനാര്‍ വരെയും കമ്മീഷനായി ആവശ്യപ്പെടുന്നതായാണ് പരാതി. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന ആവശ്യവുമായി പ്രവാസികള്‍ രംഗത്തെത്തി.
കെട്ടിട ഉടമകളില്‍ നിന്ന് നേരിട്ട് വീട് വാടകയ്ക്ക് എടുക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി. പകരം ഇടനിലക്കാര്‍ വഴിയാണ് ഫ്ലാറ്റുകള്‍ ലഭിക്കുന്നത്. കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നടത്താന്‍ ലൈസന്‍സും ഔദ്യോഗിക രജിസ്ട്രേഷനും ആവശ്യമാണ്. 2020ലെ ചട്ടപ്രകാരം വാടക കരാറുകളിലെ ബ്രോക്കറേജ് കമ്മീഷന് അരമാസത്തെ വാടകയാണ്. എന്നാല്‍ ഇരുകക്ഷികള്‍ക്കും പരസ്പര ധാരണയോടെ മറ്റൊരു തുക നിശ്ചയിക്കാമെന്നും ചട്ടത്തില്‍ പറയുന്നു.
ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് കുവൈത്തിലെ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പരാതി എത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. അതേസമയം, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കെതിരെ പരാതി നല്‍കാനുള്ള സൗകര്യം വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലുമുണ്ട്.
