‘പ്രചരിക്കുന്നത് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തവ’ താങ്ങായത് മക്കള്‍’ മനസ് തുറന്ന് സോണിയ
ന്യൂഡല്‍ഹി: തന്നെയും കുടുംബത്തെയും പറ്റി തെറ്റായി പ്രചരിച്ച കാര്യങ്ങളാണ് പുസ്തകം എഴുതാന്‍ കാരണമെന്ന് സോണിയ ഗാന്ധി. ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ ഔദ്യോഗികമായി പ്രകാശനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. സോണിയ ഗാന്ധിയുടെ ജീവിതയാത്ര അനാവരണം ചെയ്യുന്ന ഒരു ഹ്രസ്വചിത്രവും പ്രകാശന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
”എന്റെ കുടുംബത്തെക്കുറിച്ചും അമ്മായിയമ്മയെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും മകനെയും മകളെയും എന്നെക്കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. പൊതുപ്രവര്‍ത്തകരെക്കുറിച്ച് പലപ്പോഴും അസത്യങ്ങളും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങളും പ്രചരിപ്പിക്കപ്പെടാറുണ്ട്. എന്റെ വികാരങ്ങളും കുടുംബത്തെക്കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാനാണ് ഈ പുസ്തകത്തിലൂടെ ശ്രമിച്ചത്” സോണിയ ഗാന്ധി പറഞ്ഞു.
രാജീവിന്റെ മരണശേഷം ഞാന്‍ പൂര്‍ണമായും തകര്‍ന്നുപോയിരുന്നു. എന്റെ മക്കളാണ് അന്ന് എനിക്ക് താങ്ങായി നിന്നത്. രാജീവ് ഗാന്ധിയുടെ മണ്ഡലം സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങള്‍ നല്കിയ സ്നേഹപൂര്‍ണമായ സ്വീകരണമായിരുന്നു ഇന്ത്യ എന്നെ സ്വീകരിച്ചുവെന്ന് മനസിലാക്കി തന്നത്. കൂടാതെ, 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ വിജയിച്ചപ്പോഴും വലിയ സ്വീകാര്യത അനുഭവപ്പെട്ടു. കൂടുതല്‍ യുവാക്കള്‍ പൊതുരംഗത്തേക്കും രാഷ്ട്രീയത്തിലേക്കും കടന്നുവരണമെന്നും സോണിയ ആഹ്വാനം ചെയ്തു.
