മൗണ്ടന്‍ ഇക്കോളജി കോണ്‍ഗ്രസ് ഡിസംബറില്‍ വയനാട്ടില്‍

മൗണ്ടന്‍ ഇക്കോളജി കോണ്‍ഗ്രസ് ഡിസംബറില്‍ വയനാട്ടില്‍

മൗണ്ടന്‍ ഇക്കോളജി കോണ്‍ഗ്രസ് ഡിസംബറില്‍ വയനാട്ടില്‍

വയനാട്: മൗണ്ടന്‍ ഇക്കോളജി കോണ്‍ഗ്രസ് ഡിസംബറില്‍ വയനാട്ടില്‍ നടക്കും. പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ക്യാംപസില്‍ ഡിസംബര്‍ 10 മുതല്‍ 12 വരെയാണ് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്‌കാരം, ഉപജീവനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയമായ അറിവുകള്‍ പങ്കുവെക്കുന്നതിനൊപ്പം വിവിധ മലനിരകളിലെ സമൂഹങ്ങള്‍ കാലങ്ങളായി ആര്‍ജിച്ച അനുഭവങ്ങളും പരമ്പരാഗത അറിവുകളും ചര്‍ച്ചകളിലേക്ക് കൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യം. ‘മലനിരകളിലെ ജീവിതത്തെയും ഉപജീവനത്തെയും പുനര്‍വിചിന്തനം ചെയ്യുക’ എന്ന പ്രമേയത്തില്‍ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയുടെ നേതൃത്വത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും, സംസ്‌കാരവും തദ്ദേശീയ അറിവുകളും, വികസനവും ഉപജീവനവും, ദുരന്തങ്ങളും അതിജീവനശേഷിയും എന്നീ അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് അക്കാദമിക ചര്‍ച്ചകള്‍ നടക്കുക. കൃഷി, വിനോദസഞ്ചാരം, ജലസംരക്ഷണം, മലനിരകളുടെ സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി ഭരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തദ്ദേശീയ സമൂഹങ്ങളുടെ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, പ്രകൃതിസ്‌നേഹികള്‍ പങ്കെടുക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളെയും അവിടുത്തെ ജനജീവിതത്തെയും അടുത്തറിയുന്നതിനൊപ്പം മലനിരകളുടെ സംരക്ഷണത്തില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക കൂടി സംഗമത്തിന്റെ ലക്ഷ്യമാണെന്നും പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും സംഘാടകര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *