വീട് ജപ്തി നടപടിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത വേദനാജനകമായ വാര്‍ത്തയാണ് ഇന്നലെ പേരാമ്പ്രയില്‍ നിന്ന് പുറത്തെത്തിയത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു അത്. വീട് വയ്ക്കാന്‍ വായ്പയെടുത്ത കുടുംബത്തിന്, ഗൃഹനാഥന് വാഹനാപകടത്തിലുണ്ടായ പരിക്ക്മൂലം ജോലി ഒഴിവാക്കി നാട്ടിലെത്തുകയും തുടര്‍ന്ന് അവര്‍ക്ക് ലോണ്‍ അടയ്ക്കാനാവാതിരിക്കുകയുമാണുണ്ടായത്. ബാങ്കിന് ലഭിക്കാനുള്ള അമ്പത് ലക്ഷം രൂപ തിരിച്ച് പിടിക്കാന്‍ കോടതി ഉത്തരവുമായിട്ടാണ് ബാങ്ക് അധികാരികളും, അഡ്വക്കറ്റ് കമ്മീഷനും, പൊലീസും വീട്ടിലെത്തിയത്. ഈ സമയം ജപ്തി വിവരമറിഞ്ഞ് ഗൃഹനാഥന്‍ ബാങ്കിലേക്ക് പോയ സമയത്ത് വീട്ടിലെത്തിയ അധികാരികള്‍ ജപ്തി നടപടികള്‍ തുടരുന്നതിനിടയിലാണ്, ഗൃഹനാഥ വീടിനു പുറകിലുള്ള പഴയ വീട്ടില്‍ തൂങ്ങി മരിച്ചത്. ഈ ദമ്പതികള്‍ക്ക് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുണ്ട്. ആ കുട്ടികള്‍ക്കാണ് അമ്മ നഷ്ടപ്പെട്ടത്. ആ കുടുംബത്തിനുണ്ടായ നഷ്ടം ആര് നികത്തും. ബാങ്കിന് ലഭിക്കാനുള്ള 50 ലക്ഷം രൂപ കൊണ്ട് ഒരു മനുഷ്യ ജീവനും, ആ കുടുംബത്തിനും പരിഹാരമാവുമോ? വലിയ, വലിയ ഒരു ചോദ്യമാണ് സമൂഹം സ്വയം ചോദിക്കേണ്ടത്.
കടക്കെണിയിലായ ഒരു കുടുംബത്തെ, നിയമത്തിന്റെ കണ്ണിലൂടെ മാത്രം നോക്കികാണുമ്പോഴുണ്ടാകുന്ന ദുരന്തമാണ് ഈ കണ്ടത്. സ്വാഭാവികമായും ഇത്തരം ജപ്തി നടപടികള്‍ വരുമ്പോള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുമായി നിര്‍ബന്ധമായും ബന്ധപ്പെടണം. ഇത്തരം പ്രയാസത്തിലകപ്പെടുന്നവരെ സഹായിക്കുന്ന സുമനസുകളുടെ നാടാണ് കേരളം. പരിഹാരമുണ്ടാക്കാനാവാത്ത ഒരു പ്രശ്‌നവും നമ്മുടെ നാട്ടിലില്ല. പക്ഷേ അത്തരം വഴികളില്‍ നാം സഞ്ചരിക്കുന്നുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ബാങ്കുകളുടെ തിരിച്ചടവ് മുടങ്ങുകയും, സ്വത്ത് ജപ്തി ചെയ്ത് പിടിച്ചെടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറിവരികയാണ്. ഇത്തരം നടപടികള്‍ പരമാവധി ഒഴിവാക്കാന്‍ ചെയ്യാവുന്നതെല്ലാം സമൂഹം കൂട്ടായി ചെയ്യണം. ഇക്കാര്യത്തില്‍ അധികാരികളും, നാടും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
