സാംസ്‌കാരിക ടൂറിസത്തിനും ക്രിയേറ്റീവ് ഇക്കോണമിക്കും പുതിയ മുഖം

സാംസ്‌കാരിക ടൂറിസത്തിനും ക്രിയേറ്റീവ് ഇക്കോണമിക്കും പുതിയ മുഖം

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള, കൊച്ചി-മുസിരിസ് ബിനാലെ എന്നിവയ്ക്ക് സമാനമായി കോഴിക്കോടിനും മലബാര്‍ മേഖലയ്ക്കും തനതായ സാംസ്‌കാരിക വികസന മുഖമുദ്ര സൃഷ്ടിക്കണമെന്ന് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി അഭിപ്രായപ്പെട്ടു. മലബാറിന്റെ ഇന്തോ- അറബിക് സാംസ്‌കാരിക പൈതൃകവും രുചിവൈവിധ്യവും കോര്‍ത്തിണക്കി ഗസല്‍ ഫെസ്റ്റിവല്‍ പോലെ ഈവന്റുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോഴിക്കോടിന്റെ ഭക്ഷ്യപാരമ്പര്യത്തിന് ആഗോള വിപണിയില്‍ മികച്ച ബ്രാന്‍ഡിംഗ് ഉറപ്പാക്കുന്നതിനായി പ്രത്യേക ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് പ്രതിനിധിയും അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളിലൊന്നായി ക്രിയേറ്റീവ് ഇക്കോണമിയെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് വ്യക്തമാക്കി. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനതലത്തില്‍ ക്രിയേറ്റീവ് ഇക്കോണമി നയവും കൗണ്‍സിലും രൂപീകരിക്കണമെന്ന് കോഴിക്കോട് എന്‍. ഐ. ടി പ്രതിനിധി ആവശ്യപ്പെട്ടു. ഇതിനായി എന്‍.ഐ.ടിയിലെ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് ഇക്കോണമിയുമായി സഹകരിക്കാന്‍ ആസൂത്രണ ബോര്‍ഡ് സന്നദ്ധത അറിയിച്ചു.

കാപ്പാട്, കനോലി കനാല്‍, മാനാഞ്ചിറ മൈതാനം തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും കളരി, സുഗന്ധവ്യഞ്ജനങ്ങള്‍, ഫുട്‌ബോള്‍, പ്രാദേശിക ഭക്ഷണവിഭവങ്ങള്‍ എന്നിവയെ സംയോജിപ്പിച്ച് ടൂറിസം സാധ്യതകള്‍ വികസിപ്പിക്കണമെന്നും യോഗം വിലയിരുത്തി. കീഴുപറമ്പ് മുതല്‍ മാവൂര്‍ വരെയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് തയ്യാറാക്കിയ ‘ഡ്രീം ചാലിയാര്‍’ ടൂറിസം പദ്ധതി പ്രതിനിധി അവതരിപ്പിച്ചു. പ്രവാസി നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പദ്ധതിയുടെ വിശദമായ നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാനും ആസൂത്രണ ബോര്‍ഡിന്റെ പാര്‍ട്ണര്‍ഷിപ്പ് സെല്‍ വഴി പരിശോധിക്കാനും തീരുമാനിച്ചു.

കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണ ബ്ലോക്കുകളില്‍ മിനി സയന്‍സ് സെന്ററുകളും മൊബൈല്‍ പ്ലാനറ്റേറിയങ്ങളും സ്ഥാപിക്കണമെന്നും കക്കയം, ജാനകിക്കാട് തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കേന്ദ്ര സഹായത്തോടെ സ്‌കൈ ഗേസിംഗ് ടൂറിസം സര്‍ക്യൂട്ടുകള്‍ ആരംഭിക്കണമെന്നും പ്ലാനറ്റേറിയം പ്രതിനിധി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍-കോളേജ് പഠനയാത്രകളില്‍ ഫാം ടൂറിസം ഉള്‍പ്പെടുത്തണമെന്ന് സംരംഭക പ്രതിനിധി അഭിപ്രായപ്പെട്ടു. ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ഉറപ്പാക്കുന്നത് വ്യാജ സംരംഭങ്ങളെ ഒഴിവാക്കാന്‍ സഹായിക്കുമെന്നും യോഗം വിലയിരുത്തി.

സരോവരം സംരക്ഷണവും ട്രാഷ് ഇക്കോണമിയും

കോഴിക്കോടിന്റെ ശ്വാസകോശമായി വിശേഷിപ്പിക്കാവുന്ന ഏകദേശം 300 ഏക്കര്‍ വിസ്തൃതിയുള്ള സരോവരം ബയോപാര്‍ക്കിന്റെ സംരക്ഷണത്തിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ അംഗീകൃത 27 തണ്ണീര്‍ത്തടങ്ങളില്‍ ഒന്നായ സരോവരത്തെ കയ്യേറ്റങ്ങളില്‍ നിന്നും അനധികൃത നിര്‍മാണങ്ങളില്‍ നിന്നും സംരക്ഷിച്ച് ജൈവ ആവാസവ്യവസ്ഥയായി നിലനിര്‍ത്തണം. നഗരത്തിലെ ഹരിത ഇടങ്ങളുടെ അതിരുകള്‍ കൃത്യമായി നിര്‍ണയിക്കുകയും ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ലാന്‍ഡ്‌സ്‌കേപ്പ് വിദഗ്ധരുടെ സഹായത്തോടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുകയും വേണമെന്ന് ആസൂത്രണ ബോര്‍ഡ് പ്രതിനിധി അഭിപ്രായപ്പെട്ടു. മലയോര മേഖലകളില്‍ പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

മാലിന്യ സംസ്‌കരണത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുക്കാതെ പുനരുപയോഗത്തിലൂടെ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ‘ട്രാഷ് ഇക്കോണമി’യായി വികസിപ്പിക്കണമെന്ന് ഗ്രീന്‍ വേംസ് പ്രതിനിധി നിര്‍ദ്ദേശിച്ചു. പ്രതിദിനം 400 ടണ്‍ മാലിന്യം സംസ്‌കരിക്കുകയും 1,200 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും ചെയ്യുന്ന സംരംഭത്തിന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ലൈസന്‍സിംഗ് നടപടികള്‍ ലഘൂകരിക്കണമെന്ന ആവശ്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന് ആസൂത്രണ ബോര്‍ഡ് അറിയിച്ചു.

ബീച്ചുകള്‍ ദത്തെടുത്ത് പരസ്യവരുമാനത്തിലൂടെയും ഡെപ്പോസിറ്റ് റീഫണ്ട് സംവിധാനത്തിലൂടെയും മാലിന്യമുക്തമാക്കാന്‍ സംരംഭകര്‍ സന്നദ്ധത അറിയിച്ചു. വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ എസ്ടിപി പ്ലാന്റുമായി ബന്ധപ്പെട്ട വിഷയങ്ങളും മാലിന്യ സംസ്‌കരണ പ്ലാന്റുകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ബോധവല്‍ക്കരണവും ചര്‍ച്ചയായി.

അതിവേഗ റെയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

മലബാറിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ഗതാഗത-ചരക്ക് നീക്ക മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി അതിവേഗ റെയില്‍പാത, കോഴിക്കോട്- വയനാട് അതിവേഗ റെയില്‍ ഇടനാഴി, ബേപ്പൂര്‍ തുറമുഖ വികസനം, കരിപ്പൂര്‍ വിമാനത്താവള വികസനം, വിമാനത്താവള കണക്റ്റിവിറ്റി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

നഗരത്തില്‍ ഭൂഗര്‍ഭ ഡ്രെയിനേജ് സംവിധാനം, ശാസ്ത്രീയമായ നടപ്പാതകള്‍, അന്താരാഷ്ട്ര ട്രേഡ് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു. പൊതുഇടങ്ങളും ബീച്ചുകളും ശുചിയായി സംരക്ഷിക്കുന്നതിന് സുസ്ഥിര വരുമാന മാര്‍ഗങ്ങളും സാമ്പത്തിക അച്ചടക്കവും അനിവാര്യമാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗവുമായി മികച്ച ഏകോപനം ഉണ്ടായതായി യോഗം വിലയിരുത്തി. നേരത്തേ സമര്‍പ്പിച്ച എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയായി. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ആധുനിക നഗരാസൂത്രണ മാതൃകകള്‍ നടപ്പാക്കണമെന്നും അഭിപ്രായമുയര്‍ന്നു.

വ്യവസായ-സംരംഭകത്വ മേഖലയില്‍ പുതിയ സാധ്യതകള്‍

സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ക്ക് വരുമാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി സ്വകാര്യ മേഖലയിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ ആസൂത്രണ ബോര്‍ഡിന് കീഴില്‍ പ്രത്യേക പാര്‍ട്ണര്‍ഷിപ്പ് സെല്‍ രൂപീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഐ.ടി. മേഖലയുടെ വളര്‍ച്ചയ്ക്കായി സൈബര്‍ പാര്‍ക്കില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം മാവൂരിലെ 330 ഏക്കര്‍ ഭൂമി പ്രയോജനപ്പെടുത്തി അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് ടെക്‌നോളജി, സെമികണ്ടക്ടര്‍ വ്യവസായങ്ങള്‍ എന്നിവ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

പ്രവാസി നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നതില്‍നിന്ന് സംരംഭകത്വ അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് കേരളം മാറേണ്ടതുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകയും വ്യവസായ അസോസിയേഷനുകളുടെയും ഐ.ഐ.എം. കോഴിക്കോട് പോലുള്ള സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ സംരംഭകത്വ വികസന പരിപാടികള്‍ വിപുലപ്പെടുത്തുകയും വേണമെന്ന് യോഗം വിലയിരുത്തി.

വനിതാ സംരംഭകരുടെ ശാക്തീകരണത്തിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും ജി.എസ്.ടി., ടി.ഡി.എസ്., ആദായനികുതി, ബാങ്കിംഗ്, വിപണനം തുടങ്ങിയ മേഖലകളില്‍ അടിസ്ഥാന പരിശീലനം നല്‍കണമെന്നും വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്വര്‍ക്ക് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.

പരമ്പരാഗത കലകള്‍ക്കും കലാകാരന്മാരുടെ ക്ഷേമത്തിനും ഊന്നല്‍

പരമ്പരാഗത കലാരൂപങ്ങള്‍, നാടോടി സംസ്‌കാരം, തദ്ദേശീയ കലാകാരന്മാരുടെ ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയെ പ്രാദേശിക വികസന പദ്ധതികളുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഗോത്ര-നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഫോക്ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി, കിര്‍ത്താഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കായി പ്രദര്‍ശന-വിപണന മേളകള്‍ സംഘടിപ്പിക്കണം. സ്‌കൂളുകളിലെ കലാപഠനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി പരമ്പരാഗത കലാകാരന്മാരെ ഉള്‍പ്പെടുത്തി ആര്‍ട്‌സ് റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളില്‍ അവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ആരോഗ്യ-ഭിന്നശേഷി സൗഹൃദ വികസനത്തിന് സമഗ്ര സമീപനം

മെഡിക്കല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ഫാമിലി അഡോപ്ഷന്‍ പ്രോഗ്രാം വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ച് പഞ്ചായത്ത് തലത്തില്‍ ഡാറ്റാധിഷ്ഠിത ആസൂത്രണം നടപ്പാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വയോജന ക്ഷേമം, ആരോഗ്യകരമായ വാര്‍ധക്യം, ഡിജിറ്റല്‍ സാക്ഷരത എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു.

ഭിന്നശേഷി അവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കുന്നതിന് കെട്ടിടങ്ങളില്‍ റാമ്പുകള്‍ ഒരുക്കുന്നതിനപ്പുറം സമഗ്രമായ പ്രവേശനക്ഷമതയും പൊതുവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉള്‍ച്ചേര്‍ക്കല്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മിഷന്‍ മോഡില്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആസൂത്രണ ബോര്‍ഡ് അറിയിച്ചു.

ക്ഷീരകര്‍ഷക മേഖലയ്ക്ക് കൂടുതല്‍ പിന്തുണ വേണം

ക്ഷീരകര്‍ഷക മേഖലയില്‍ ഗുണമേന്മയുള്ള ബീജം (സെമന്‍) ലഭ്യമാക്കുന്നതിനും മികച്ച ഇനം കന്നുകാലികളുടെ പ്രജനനം ഉറപ്പാക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഉയര്‍ന്നു. 20-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായിരുന്ന ഗുണമേന്മയുള്ള സെമന്‍ ഇന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യമുണ്ടെന്ന് വിലയിരുത്തലുണ്ടായി. മികച്ച ഇനങ്ങളിലുള്ള കന്നുകാലികളെ വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഫാമുകളിലും കര്‍ഷകരുടെ തൊഴുത്തുകളിലും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്.

ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ പാലിനും ഒന്നോ രണ്ടോ രൂപ വീതം ഇന്‍സെന്റീവ് നല്‍കുന്നതും പരിഗണിക്കേണ്ട നിര്‍ദേശമായി ഉയര്‍ന്നു. ഇത് കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീരമേഖലയെ കൂടുതല്‍ സുസ്ഥിരമാക്കാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെട്ടു.

വികസന നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിന് ഗ്രാമസഭകളെയും വര്‍ക്കിംഗ് ഗ്രൂപ്പുകളെയും ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. വിവിധ നിര്‍ദ്ദേശങ്ങളുടെ വിശദമായ പ്രൊപ്പോസലുകള്‍ ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കാനും തുടര്‍ചര്‍ച്ചകള്‍ക്കായി വിപുലമായ കണ്‍സള്‍ട്ടേഷന്‍ യോഗങ്ങള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ കളക്ടര്‍, വിവിധ വ്യവസായ-വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍, സാംസ്‌കാരിക-സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ രണ്ടാം സെഷനില്‍ പങ്കെടുത്തു.

ഫോട്ടോ -പതിനഞ്ചാം പഞ്ചവത്സര പദ്ധതി ആശയരൂപീകരണ യോഗത്തിന്റെ ഭാഗമായി വിവിധ അക്കാഡമിക്, ഗവേഷണ സ്ഥാപനങ്ങള്‍, വിഷയ വിദഗ്ധര്‍, പ്രമുഖ സംരംഭകര്‍, വികസന സാമൂഹ്യ മേഖലകളിലെ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചയില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. കെ. എം. ചന്ദ്രശേഖര്‍ സംസാരിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *