എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഇടപെടല്‍; തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഇടപെടല്‍; തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

ഷാര്‍ജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നല്‍കാതെ കമ്പനി അധികൃതര്‍ പ്രയാസത്തിലാക്കിയ കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍, പൊക്കുണ്ട് സ്വദേശിനി നിഷ രാജന്, തളിപ്പറമ്പ് മുന്‍ എം.എല്‍.എ യും സിപിഐ (എം ) പാര്‍ട്ടി സെക്രട്ടറിയുമായ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഇടപെടലിലൂടെ തൊഴിലുടമയില്‍ നിന്ന് ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് ബ്യൂട്ടീഷ്യനായ നിഷ രാജന്‍ നാട്ടിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഷാര്‍ജയില്‍ എത്തിയത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സലൂണാണ് ശമ്പളം നല്‍കാതെ പ്രതിസന്ധിയിലാക്കിയത്.
നിഷയുടെ ഭാഗത്തു നിന്നും തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയെങ്കിലും തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും നല്‍കിയ പരാതി തള്ളുകയും കുടിശ്ശിക നല്‍കാതെ വിസ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിഷ രാജന്‍ തളിപ്പറമ്പ് മുന്‍ എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സഹായം തേടിയത്. അദ്ദേഹം ഉടന്‍ തന്നെ യുഎഇ യിലെ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാ മൂലം വിവരം അറിയിച്ചു.
യാബ് ലീഗല്‍ സര്‍വീസസിന്റെ ഭാഗത്തു നിന്നും ബ്യൂട്ടീഷ്യന്‍ ഉടമയെ കാര്യങ്ങള്‍ വിളിച്ച് സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ബ്യൂട്ടീഷ്യന്‍ ഉടമ വിമുഖത കാണിച്ചപ്പോള്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
യാബ് ലീഗല്‍ സര്‍വീസസിന്റെ ഭാഗത്തു നിന്നും നിയമ നടപടി സ്വീകരിച്ചതറിഞ്ഞ കമ്പനി ഉടമ മധ്യസ്ഥര്‍ മുഖേന പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടു. അത് പ്രകാരം അവര്‍ക്ക് ലഭിക്കേണ്ട 8000 ദിര്‍ഹമും (ഏകദേശം രണ്ടു ലക്ഷം ഇന്ത്യന്‍ രൂപ) കോടതി ചെലവും നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
യുഎഇ യില്‍ മുതലാളിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സാധാരണയാണെന്നും പ്രശ്‌നങ്ങള്‍ രമ്യതയിലൂടെ പരസ്പരം സംസാരിച്ചു പരിഹരിക്കണമെന്നും നിയമ സ്ഥാപനങ്ങളിലേക്ക് പരാതി നല്‍കുന്നതിന് മുമ്പ് പരസ്പരം പരിഹരിക്കാന്‍ ശ്രമിക്കുന്നത് അനാവശ്യമായ നിയമവ്യവഹാരങ്ങള്‍ തടയാന്‍ സാധിക്കുമെന്നും യാബ് ലീഗല്‍ സര്‍വീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

 

 

എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഇടപെടല്‍; തളിപ്പറമ്പ് സ്വദേശിനിക്ക്
തൊഴിലുടമയില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *