അഞ്ച് കുടുംബങ്ങൾക്ക് വീടൊരുക്കി പയ്യന്നൂർ എൻ.എസ്.എസ് കോളജ്
കണ്ണൂർ: ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് പയ്യന്നൂർ കോളജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചുനൽകി. ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു. പയ്യന്നൂർ കോളജ് എൻ.എസ്.എസ് യൂനിറ്റ് 95 വളന്റിയർമാർ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് എടക്കോത്താണ് വീടുകൾ നിർമിച്ചത്. എടക്കോത്തെ ടോമി മൈക്കലും ഇരിട്ടിയിലെ ടോം ഫ്രാൻസിസും സൗജന്യമായി നൽകിയ സ്ഥലത്താണ് ഷാരോൺ മാത്യു, കെ.കെ ചിത്ര, എ.എം റസീന, ഒ.കെ സുരേഷ്, പി.ജി ഷൈല എന്നിവർക്കായി വീടുകൾ ഒരുക്കിയത്. പ്രോഗ്രാം ഓഫിസർ ഡോ. ടി.കെ ജയരാജിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ഓരോ വീടിനും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നാല് ലക്ഷം രൂപ വീതം നൽകി.
പയ്യന്നൂർ കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ എജ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് തേജ് രാജ് മല്ലർ അധ്യക്ഷനായി. ബോട്ടണി വിഭാഗത്തിലെ വിദ്യാർഥികൾ തയാറാക്കിയ മഷ്റൂം മെറി പ്രോജക്ട് റിപ്പോർട്ട് വകുപ്പ് മേധാവി ഡോ. ദീപമോൾ മന്ത്രിക്ക് കൈമാറി.
