ലാപ്ടോപ് പൊട്ടിത്തെറിച്ച്
വീടിന് തീപിടിച്ചു
പയ്യന്നൂർ: ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. അന്നൂർ ശാന്തിഗ്രാമിലാണ് സംഭവം. വീട്ടുപകരണങ്ങൾ കത്തിനശിച്ചുവെങ്കിലും ആളപായമില്ല. അന്നൂർ ശാന്തിഗ്രാം – കിസാൻ കൊവ്വൽ റോഡിലെ വി.പി പ്രസന്നകുമാറിന്റെ വീടിനാണ് തീ പിടിച്ചത്. ചാർജ് ചെയ്യാനായി വെച്ചിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ചാണ് അപകടം. വീടിനുള്ളിലെ സോഫാ സെറ്റ് പൂർണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഹാളിലെ സോഫയിൽ ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വച്ച ശേഷം പ്രസന്നകുമാറും ഭാര്യയും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. അപകടസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അരമണിക്കൂറിന് ശേഷം ഇവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻതന്നെ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘമാണ് തീ പൂർണമായും അണച്ചത്. വീടിന്റെ ചുമരുകൾക്കും ചൂടിൽ വിള്ളൽ വീണിട്ടുണ്ട്. കുടുംബാംഗങ്ങൾ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
