ഷാര്‍ജ: മാക്‌ബെത് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പ്രമുഖ എഴുത്തുകാരി ശരീഫ തങ്ങളുടെ പുതിയ രണ്ട് നോവലുകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്തു. ‘തിരിച്ചെത്താത്ത വഴികള്‍’, ‘ഒരു രോഗിയുടെ ഡയറി’ എന്നീ കൃതികളാണ് പ്രകാശിതമായത്. പ്രമുഖ എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിലിന് പുസ്തകങ്ങള്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മാക്‌ബെത് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ എം.എ. ഷഹനാസ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ കുനിമല്‍ സ്വാഗതം പറഞ്ഞു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ റീമ ഹാനിസ്, എഴുത്തുകാരന്‍ എം.എ. സുഹൈല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നോവലിസ്റ്റ് ശരീഫ തങ്ങള്‍ മറുപടി പ്രസംഗവും കൃതജ്ഞതയും രേഖപ്പെടുത്തി. കേരളത്തില്‍ നിന്നടക്കം പുസ്തകോത്സവത്തിനെത്തിയ നിരവധി സാഹിത്യപ്രേമികളും വായനക്കാരും സന്നിഹിതരായിരുന്നു.
മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ സ്വദേശിനിയാണ് ശരീഫ തങ്ങള്‍. പി.എം.എസ്. പൂക്കോയ തങ്ങളുടെയും ഹഫ്സത്ത് ബീവിയുടെയും മകളാണ്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് താമസം. ആനുകാലികങ്ങളില്‍ കഥകളും അനുഭവക്കുറിപ്പുകളുമായി എഴുത്തില്‍ സജീവമായ ശരീഫ തങ്ങളുടെ അഞ്ച് കൃതികള്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരിച്ചറിവുണ്ടായ മനുഷ്യന്‍ (നോവല്‍), തെറ്റാരുടേത് (അനുഭവക്കുറിപ്പ്), ആത്മീയ കലാപങ്ങള്‍ (ഓര്‍മക്കുറിപ്പുകള്‍), ആത്മീയവൃത്തം (ആത്മീയ ചിന്തകള്‍), പറയാനുണ്ട് (ആത്മകഥ) എന്നിവയാണ് മറ്റു കൃതികള്‍.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം: ശരീഫ തങ്ങളുടെ രണ്ട് നോവലുകള്‍ പ്രകാശനം ചെയ്തു
