സാങ്കേതിക സര്‍വകലാശാല: വിളപ്പില്‍ശാല ക്യാമ്പസ് വികസനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം

സാങ്കേതിക സര്‍വകലാശാല: വിളപ്പില്‍ശാല ക്യാമ്പസ് വികസനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം

ദീര്‍ഘനാളായി സ്തംഭനാവസ്ഥയിലായിരുന്ന വിളപ്പില്‍ശാലയിലെ സ്ഥിരം ക്യാമ്പസ് വികസനത്തിന് മുന്‍ഗണന നല്‍കി സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം. സര്‍വകലാശാലയുടെ 2027-28 വാര്‍ഷിക പദ്ധതി നിര്‍ദേശത്തിന് ചൊവ്വാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ച പദ്ധതി നിര്‍ദേശത്തില്‍ ക്യാമ്പസില്‍ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 6.90 കോടി രൂപ വകയിരുത്താനാണ് നിര്‍ദേശം.

2026 – 27ല്‍ അനുവദിച്ച ക്യാമ്പസ് വികസന പ്രവൃത്തികള്‍ക്കായി 30.90 കോടി രൂപയുടെ അധിക ധനാനുമതി നല്‍കണമെന്ന് സര്‍വകലാശാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പസിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണ മേല്‍നോട്ടം എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കാനും കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.

2027 – 28 ലെ പദ്ധതി നിര്‍ദേശത്തില്‍ ലൈബ്രറി, പുസ്തകങ്ങള്‍, ജേണലുകള്‍, ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ എന്നിവയ്ക്കായി 3.94 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഡെവലപ്മെന്റ് സെന്റര്‍, കെ ടി യു ഫ്യൂച്ചര്‍ ലാബ്‌സ്, അര്‍ബന്‍ ഇന്നവേഷന്‍ ഹബ്, എംബഡഡ് സിസ്റ്റംസ് ടെക്നോളജിയിലെ മികവിന്റെ കേന്ദ്രം, സര്‍വകലാശാലാ സ്‌കൂളുകളില്‍ പുതിയ ബിരുദ, സംയോജിത ബിരുദാനന്തര ബിരുദ കോഴ്സുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വകലാശാലയിലെ പഠനഗവേഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗവേഷണ കേന്ദ്രങ്ങള്‍, വ്യവസായ സന്ദര്‍ശനം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും യോഗം പരിഗണിച്ചു. സര്‍വകലാശാലയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള 2.81 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നാല് ഐ.ടി. വിദഗ്ധരെ സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

പി.എച്ച്.ഡി. ഗവേഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് പഠനഗവേഷണ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഔദ്യോഗിക ട്രാന്‍സ്‌ക്രിപ്റ്റ് നല്‍കുന്നതിനും യോഗം തീരുമാനിച്ചു. അഞ്ഞൂറില്‍പരം പരീക്ഷാ ക്രമക്കേടുകളില്‍ വൈസ് ചാന്‍സലറുടെ അനുമതിയോടെ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ക്കു സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പരീക്ഷാ ഹാളിലെയും മൂല്യനിര്‍ണയ ക്യാമ്പിലെയും ദൃശ്യങ്ങള്‍ റീല്‍സാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ ഹിയറിങ് പരീക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുന്‍പാകെ നടക്കും. അവരുടെ വിശദീകരണം പരിഗണിച്ചശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളാനും സിന്‍ഡിക്കേറ്റ് തീരുമാനമായി.
ബി.ടെക്. പരീക്ഷകളില്‍ ആദ്യ മൂല്യനിര്‍ണയത്തിന്റെയും പുനര്‍മൂല്യനിര്‍ണയത്തിന്റെയും ഫലങ്ങളില്‍ വലിയ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് തേടാനും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളാനും സിന്‍ഡിക്കേറ്റ് നിര്‍ദേശം നല്‍കി.

എം.എല്‍.എമാരായ ജ്യോതികുമാര്‍ ചാമക്കാല, ആബിദ് ഹുസൈന്‍ തങ്ങള്‍, വിദ്യാര്‍ഥി പ്രതിനിധി യാമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

സാങ്കേതിക സര്‍വകലാശാല: വിളപ്പില്‍ശാല ക്യാമ്പസ് വികസനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം

 

Share

Leave a Reply

Your email address will not be published. Required fields are marked *