ഇതെവിടെവരേ പോകും? സ്വര്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്ണവില ഇന്നും ഇടിഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,515 രൂപയിലാണ് ഇന്നത്തെ വില്പന. പവന് വില 600 രൂപ കുറഞ്ഞ് 1,08,120 രൂപയുമായി. ഒക്ടോബറില് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വര്ണവില പവന് 2920 രൂപയും ഗ്രാമിന് 365 രൂപയുമാണു കുറഞ്ഞത്.
അമേരിക്കയില് വീണ്ടും അടിസ്ഥാന പലിശ നിരക്ക് ഉയര്ത്തുമെന്ന ആശങ്ക ശക്തമാക്കി ഇന്നലെ സെപ്റ്റംബറിലെ പണപ്പെരുപ്പ കണക്കുകള് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ സ്വര്ണവിലയില് കനത്ത തിരിച്ചടി നേരിട്ടു. ഔണ്സിന് 4106 ഡോളറെന്ന നിലയിലാണ് സ്വര്ണവ്യാപാരം ഇന്നലെ ക്ലോസ് ചെയ്തത്. എന്നാല് ഒക്ടോബറില് നിരക്ക് വര്ധനയുണ്ടായേക്കില്ലെന്ന റിപ്പോര്ട്ടുകള് പുറത്തുവന്നതോടെ ഇന്ന് സ്വര്ണവില കയറ്റത്തിലാണ്. ഔണ്സിന് 4161 ഡോളര് വരെ ഉയര്ന്ന സ്വര്ണവില നിലവില് 4145 ഡോളറെന്ന നിലയിലാണ് വ്യാപാരം.
യുഎസില് ഇനി പുറത്തു വരാനിരക്കുന്ന സാമ്പത്തിക കണക്കുകള് സ്വര്ണവിലയില് നിര്ണായകമാകും. അടിസ്ഥാന പലിശ നിരക്ക് ഉയര്ത്താനുള്ള സാധ്യതയാണു കാണുന്നതെങ്കില് വില ഇനിയും ഇടിവിലേക്ക് നീങ്ങും. മറിച്ചായാല് വില കുതിക്കാനും സാധ്യത. പലിശ നിരക്കില് എന്തുമാറ്റമുണ്ടാകുമെന്ന കാര്യത്തില് വിപണി ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നാണ് വിദഗ്ധര് പറയുന്നത്.
അമേരിക്കന് ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവും ഇന്ത്യന് രൂപ കരുത്താര്ജിച്ചതും സ്വര്ണവിലയെ സ്വാധീനിച്ചതായും വിദഗ്ധര് പറയുന്നു. ആര്ബിഐ നടത്തിയ വിപണി ഇടപെടലുകളെ തുടര്ന്ന് ഡോളറിനെതിരെ ഇന്ത്യന് രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് സ്വര്ണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവും കുറഞ്ഞു.
തുടര്ച്ചയായി വില കുറയുന്നത് ആഭരണങ്ങള് വാങ്ങുന്നവര്ക്ക് ആശ്വാസമാണ്. പുതിയ വിലയില് ഇന്ന് കേരളത്തില് ഒരു പവന് സ്വര്ണാഭരണം വാങ്ങാന് 1,22,500 രൂപയെങ്കിലും വേണ്ടി വരും.
