മാസപ്പടി കേസ്:അപ്പീല് അനുമതിയില്ല; പിണറായി വിജയന് തിരിച്ചടി
കൊച്ചി: സിഎംആര്എല്- എക്സാലോജിക് അഴിമതിക്കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടി പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. നിയമപരമായി എഫ്ഐആര് ഇട്ട സാഹചര്യത്തില് അപ്പീല് അനുമതി അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയന് പുറമെ, മകള് ടി വീണ, ഭര്ത്താവും മുന് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് ഹര്ജി നല്കിയത്. പ്രഥമ വിവര റിപ്പോര്ട്ട് രജിസ്റ്റര് ചെയ്തതിനെതിരെ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള പ്രതിവിധികള് തേടുന്നതിനുള്ള അപേക്ഷകരുടെ അവകാശത്തെ സിംഗിള് ബെഞ്ച് ഉത്തരവ് തടസപ്പെടുത്തുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഈ സാഹചര്യത്തില് അപ്പീല് നല്കാന് അനുമതി തേടിയുള്ള എല്ലാ ഹര്ജികളും നിരസിക്കുകയാണെന്ന് വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ നടരാജന്, ജോണ്സണ് ജോണ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. സിംഗിള് ബെഞ്ച് പരിഗണിച്ച ഹര്ജിയില് പിണറായി വിജയന് അടക്കമുള്ളവര് കക്ഷിയല്ലാത്തതിനാല് ഫയലില് സ്വീകരിക്കണമെങ്കില് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം ഉണ്ടാകണം. ഹര്ജിയില് സംസ്ഥാന സര്ക്കാര്, ഇഡി, സിംഗിള് ബെഞ്ചിലെ ഹര്ജിക്കാരന് എന്നിവരെ ഡിവിഷന് ബെഞ്ച് വിശദമായി കേട്ടിരുന്നു.
തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള് ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്ജിക്കാര് വാദിച്ചത്. സംസ്ഥാന സര്ക്കാരും ഹര്ജിക്കാര്ക്ക് അനുകൂലമായ നിലപാടാണ് കോടതിയില് സ്വീകരിച്ചത്. എന്നാല് അപ്പീലിന് അനുമതി നല്കരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് എഫ്ഐആര് രജിസ്റ്റര് ചെയ്യാനുള്ള സിംഗിള് ബെഞ്ച് ഉത്തരവില് ഇടപെടാനില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്. വിധി പിണറായിയെ പിന്തുണച്ച സര്ക്കാരിനും തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ വിജിലന്സിന് അന്വേഷണവുമായി മുന്നോട്ടുപോകാം.
