പൈതൃക നെല്വിത്തുകളുടെ കാവലാള്, ചെറുവയല് രാമന് അന്തരിച്ചു
കോഴിക്കോട്: പൈതൃക നെല്വിത്തുകളുടെ കാവലാളായ ചെറുവയല് രാമന് (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. കാര്ഷിക മേഖലയിലെ സംഭാവന കണക്കിലെടുത്ത് 2023ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
1952 ജൂണ് 6 ന് ജനനം. രണ്ടാമത്തെ വയസ്സുമുതല് പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളര്ന്നു. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം. കമ്മന നവോദയ എല്. പി. സ്കൂളില് അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസ്സുമുതല് കാര്ഷിക ജീവിതം.1969 ല് എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന കണ്ണൂര് ഡി.എം.ഒ. ഓഫീസില് വാര്ഡനായി 150 രൂപ ശമ്പളത്തില് ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാന് ഇഷ്ടമില്ലാത്തതിനാല് സര്ക്കാര് ജോലി വേണ്ടെന്നുവച്ചു. വയനാടിന്റെ നെല്ലച്ഛന് എന്ന പേരില് പ്രശസ്തനായ അദ്ദേഹം, നൂറുവര്ഷങ്ങള്ക്ക് മുന്പ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടന് നെല്വിത്തിനങ്ങളില് മുപ്പതെണ്ണം കൃഷിചെയ്ത് നിലനിര്ത്തിയിരുന്നു.
കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവര്ത്തകന് കൂടിയാണ് രാമന്. 2011ല് ഹൈദരാബാദില് വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തില് കേരളത്തിലെ കര്ഷകരെ പ്രതിനിധീകരിച്ചു. 2011ല് ഹൈദരാബാദില്വച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തില് കേരളത്തിലെ കര്ഷകരെ പ്രതിനിധീകരിച്ചു. 2016 ലെ ജനിതക സംരക്ഷണ പുരസ്കാരം ഉള്പ്പടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2026ല് കാര്ഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ പേരില് സംസ്ഥാന കൃഷി വകുപ്പ് ഏര്പ്പെടുത്തിയ പുരസ്കാരം ചെറുവയല് രാമനാണ് ലഭിച്ചത്.
